പത്ത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിൽ താൽക്കാലിക പ്രവേശന വിലക്ക്

0
95

കോവിഡ് വ്യാപനത്തെ തടയുന്നതിനായി പത്ത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിൽ പ്രവേശന വിലക്ക് ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു.15 ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തുക.

ലെബനോൺ, സുഡാൻ, സൗത്ത് ആഫ്രിക്ക, ബ്രസീൽ, നൈജീരിയ, താൻസാനിയ, ഗിനിയ, ഘാന, സിയാറ ലിയോണ്‍, എതോപ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് താൽക്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്താൻ സുപ്രീംകമ്മിറ്റി തീരുമാനിച്ചത്.

ഒമാനിലേക്കുള്ള യാത്രക്ക് 14 ദിവസം മുമ്പ് ഈ രാജ്യങ്ങളിൽ സഞ്ചരിച്ച ട്രാൻസിറ്റ് യാത്രക്കാർ അടക്കമുള്ളവർക്കും വിലക്ക് ബാധകമായിരിക്കും. ഫെബ്രുവരി 25 അർധരാത്രി മുതലായിരിക്കും വിലക്ക് പ്രാബല്യത്തിൽ വരുക.

ഒമാനി പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ഒമാനിലെ ആരോഗ്യ പ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിവർക്ക് വിലക്ക് ബാധകമായിരിക്കില്ല. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നടന്ന യോഗം രോഗവ്യാപനത്തിന്റെ നിലവിലുള്ള സാഹചര്യങ്ങൾ അവലോകനം ചെയ്തു.

കോവിഡിന്റെ കൂടുതൽ വകഭേദങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത വിദേശ യാത്രകൾ ഒഴിവാക്കണമെന്ന് സുപ്രീംകമ്മിറ്റി ആവശ്യപ്പെട്ടു.