എം എം മണി മികച്ച മന്ത്രിയെന്ന് വെള്ളാപ്പള്ളി നടേശൻ

0
85

മന്ത്രി എം.എം മണിയെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ. എം എം മണി മികച്ച മന്ത്രി എന്ന് വെള്ളാപ്പള്ളി നടേശൻ. താൻ മത്സരിച്ചപ്പോഴും മന്ത്രിയായപ്പോഴും കളിയാക്കിയവർ ഇപ്പോൾ തിരുത്തി പറയാൻ നിർബന്ധിതരായെന്ന് മന്ത്രി എം.എം മണി പ്രതികരിച്ചു. കഴിഞ്ഞ നിയമ സഭ തെരെഞ്ഞെടുപ്പിലാണ് എം എം മണിക്കെതിരെ വെള്ളാപ്പള്ളി വിവാദ പ്രസംഗം നടത്തിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് രാജാക്കാട്ടിൽ നടന്ന യോഗത്തിലാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിവാദ പ്രസംഗം നടത്തിയത്. ഉടുമ്പൻചോലയിലെ ഇടത് സ്ഥാനാർത്ഥിയായിരുന്ന എം.എം മണി കരിങ്കുരങ്ങെന്നായിരുന്നു വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. അഞ്ച് വർഷങ്ങൾക്ക് ശേഷം നെടുങ്കണ്ടം എസ്എൻഡിപി യൂണിയൻ മന്ദിരത്തിന്റെ ഉത്ഘാടനത്തോടനുബന്ധിച്ച് ഒരേ വേദി പങ്കിട്ടപ്പോൾ വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായങ്ങൾ മാറി.

മികച്ച മന്ത്രിയും പക്ഷാപാതമില്ലാതെ വികസനം നടത്തുന്ന ആളുമാണ് മന്ത്രി എം.എം മണിയെന്നാണ് വെള്ളാപ്പള്ളി തിരുത്തി .ഇനിയും പൊതു പ്രവർത്തന രംഗത്ത് ശോഭിയ്ക്കാൻ മണിയാശാന് കഴിയെട്ടെയെന്ന് ആശംസകളും ഏകി. താൻ മത്സരിച്ചപ്പോൾ പലരും കളിയാക്കി. വിജയിച്ചപ്പോഴും മന്ത്രി ആയപ്പോഴും തന്നെ കൊണ്ട് എന്ത് സാധിക്കുമെന്ന് ആശങ്ക പെട്ടു. ഇവരുടെയെല്ലാം അഭിപ്രായം തിരുത്തി പറയിക്കാൻ തനിക്ക് സാധിച്ചെന്ന് മന്ത്രി എം.എം മണി പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്റെ പ്രവർത്തനങ്ങൾ എസ്എൻഡിപി പ്രസ്ഥാനത്തിന് കരുത്താണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായി ഉടുമ്പൻചോലയിൽ മത്സരിച്ച സജി പറമ്പത്ത് അധ്യക്ഷത വഹിച്ച യോഗത്തിലായിരുന്നു വെള്ളാപ്പള്ളി തന്റെ പഴയ അഭിപ്രായങ്ങൾ തിരുത്തിയത്.