Wednesday
17 December 2025
30.8 C
Kerala
HomeIndiaഭീമ കൊറേഗാവ് കേസ് : തെലുങ്ക് കവി വരവര റാവുവിന് ഇടക്കാല ജാമ്യം

ഭീമ കൊറേഗാവ് കേസ് : തെലുങ്ക് കവി വരവര റാവുവിന് ഇടക്കാല ജാമ്യം

ഭീമ കൊറേഗാവ് കേസിൽ തെലുങ്ക് കവി വരവര റാവുവിന് ഇടക്കാല ജാമ്യം. ആറ് മാസത്തേക്കാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വരവര റാവുവിന്റെ ആരോഗ്യ നില മോശമായതിനാലാണ് ജാമ്യം നൽകിയത്.

ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായി രണ്ടര വർഷത്തിന് ശേഷമാണ് തെലുങ്ക് കവി വരവര റാവുവിന് ജാമ്യം ലഭിക്കുന്നത്. എൺപത് വയസ് പിന്നിട്ട വരവര റാവു, നിലവിൽ മുംബൈയിലെ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്.

ജാമ്യം നൽകിയില്ലെങ്കിൽ ഭരണഘടന ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നതിന് തുല്യമാകുമെന്നും ആരോഗ്യത്തിനുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്ന ജീവിക്കാനുള്ള അവകാശത്തിന് കീഴിൽ വരുന്നതാണെന്ന്, ആറ് മാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചുക്കൊണ്ട് കോടതി കൂട്ടിച്ചേർത്തു.

ആശുപത്രി വിട്ടാലും വരവരറാവു, മുംബൈ എൻ.ഐ.എ കോടതിയുടെ അധികാരപരിധിയിൽ തുടരണം. ആറ് മാസത്തിന് ശേഷം ഇടക്കാല ജാമ്യം നീട്ടാൻ അപേക്ഷ നൽകണം. അരലക്ഷം രൂപ ജാമ്യബോണ്ട് കെട്ടിവയ്ക്കണമെന്നും, വിചാരണയ്ക്കായി എൻ.ഐ.എ കോടതിയിൽ ഹാജരാകണമെന്നും നിർദേശിച്ചു.

2018 ഓഗസ്റ്റിലാണ് വരവര റാവു അറസ്റ്റിലാകുന്നത്. 2017 ഡിസംബർ 31ന് പുനെയിൽ നടത്തിയ പ്രസംഗം ഭീമ കൊറേഗാവ് കലാപത്തെ ആളിക്കത്തിച്ചുവെന്നാണ് വരവര റാവുവിനെതിരെയുള്ള കേസ്.

RELATED ARTICLES

Most Popular

Recent Comments