കോൺഗ്രസിനും യുഡിഎഫിനും വർഗീയ കക്ഷികളോടുള്ള ബന്ധം തുടരുമോയെന്ന്‌ രാഹുൽഗാന്ധിയെങ്കിലും വ്യക്‌തമാക്കണം: വിജയരാഘവൻ

0
105

വർഗീയതയോട്‌  കോൺഗ്രസിനും  യുഡിഎഫിനും ഉള്ള ബന്ധം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും  തുടരുമോയെന്ന ചോദ്യത്തിന്‌  ഇന്ന്‌ രാഹുൽഗാന്ധിയെങ്കിലും മറുപടി പറയുമോയെന്ന്‌ സിപഐ എം സംസ്‌ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതലയുള്ള  എ വിജയരാഘവൻ ചോദിച്ചു. എൽഡിഎഫ്‌ വടക്കൻ മുന്നേറ്റ വികസന ജാഥയുടെ ഭാഗമായി മലപ്പുറത്ത്‌ മാധ്യമ  പ്രവർത്തകരെ കാണുകയായിരുന്നു വിജയരാഘവൻ.

കോൺഗ്രസിന്റെ കേന്ദ്രനേതൃത്വമെങ്കിലും അതിനുള്ള ഉത്തരം തരേണ്ടതാണ്‌. ഈചോദ്യത്തിനോട്‌ ഇതുവരെ ചെന്നിത്തലയോ ഉമ്മൻചാണ്ടിയോ മുല്ലപ്പള്ളിയോ പ്രതികരിച്ചിട്ടില്ല. പകരം ചോദ്യം ചോദിക്കുന്നവരെകുറിച്ച്‌ ആക്ഷേപം പറയുകയാണ്‌ കോൺഗ്രസ്‌ രീതി. ബിജെപി ഉയർത്തുന്ന വ്യാജപ്രചാരണങ്ങളിൽ നിയമം ഉണ്ടാക്കുന്നത്‌ യോഗി സർക്കാരിന്റെ രീതിയാണെന്നും വിജയരാഘവൻ പറഞ്ഞു.

ബിജെപി മുഖ്യശത്രുവല്ലെന്ന നിലപാടാണ്‌ കോൺഗ്രസിനും യുഡിഎഫിനും. ബിജെപി ഉയർത്തുന്ന വർഗീയതയെ അവർ തുറന്നെതിർക്കുന്നില്ല. വ്യക്‌തതയുള്ള രാഷ്‌ട്രീയ നിലപാട്‌ കോൺഗ്രസിനില്ല.വർഗീയതയുടെ ഒരു മറുതലയെന്ന നിലയിലുള്ള  ജമാഅത്തെ ഇസ്‌ലാമി മതാധിഷ്ഠിത രാഷ്‌ട്രീയ നിലപാട്‌ ഉയർത്തി ഒരു പ്രവർത്തനം കേരളത്തിൽ നടത്തുന്നുണ്ട്‌. അവരുമായി തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ ബന്ധം തുടരുമോയെന്ന്‌ യുഡിഎഫ്‌ വ്യക്‌തമാക്കണം.

ജനങ്ങളെ വർഗീയമായി ചേരി തിരിക്കുക എന്ന ഉദ്ദേശമാണ്‌ അവർക്കുള്ളത്‌. കോൺഗ്രസുമായി തെരഞ്ഞെടുപ്പ്‌ സഖ്യത്തിലാണ്‌ എന്ന്‌ അവർ പറഞ്ഞു.  ഈ സഖ്യം ഇനിയും യുഡിഎഫ്‌ തുടരുമോ.മൃദുഹിന്ദുത്വവും എല്ലാ തരം വർഗീയതയുമായുള്ള കൂട്ടുകെട്ടുമാണ്‌  കോൺഗ്രസിന്റേത്‌.   മുന്നണിയെന്ന നിലയിൽ യുഡിഎഫ്‌ ശിഥിലമായികൊണ്ടിരിക്കുന്നു. അസംബ്ലി തെരഞ്ഞെടുപ്പ്‌ കഴിയുന്നതോടെ സമ്പൂർണ ശിഥിലീകരണമുണ്ടാകും .

ലൗ ജിഹാദ്‌  എന്നത്‌ സംഘപരിപരിവാർ അജണ്ടയാണ്‌. സംഘപരിവാർ ലൗജിഹാദ്‌ പ്രചരിപ്പിക്കുന്നത്‌ മുസ്‌ലീം സമുദായത്തെ  വേട്ടയാടാൻ വേണ്ടിയാണ്‌. ബിജെപി അധികാരത്തിൽ വന്നാൽ ലൗ ജിഹാദ്‌ നിയമം കൊണ്ടുവരുമെന്നാണ്‌ യോഗി പറയുന്നത്‌. ബിജെപി ഉയർത്തുന്ന വ്യാജപ്രചരണങ്ങളിൽ നിയമം ഉണ്ടാക്കുന്നത്‌ യോഗി സർക്കാരിന്റെ രീതിയാണ്‌. അത്തരം അജണ്ടകൾ കേരളത്തിൽ നടപ്പാവില്ലെന്ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കിയിട്ടുണ്ട്‌.
രാഹുൽഗാന്ധി ഇന്ന്‌ നടത്തുന്നത്‌ കർഷക സമരമാണോയെന്ന്‌ തോന്നുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു.
ഒരിക്കലും നടപ്പാക്കാൻ പറ്റില്ലാത്ത ഒന്നിന്‌ വേണ്ടിയാണ്‌ പിഎസ്‌സി ഉദ്യോഗാർഥികൾ സമരം ചെയ്യുന്നത്‌. സർക്കാരിന്‌ നിയമം അനുസരിച്ചേ നടപടി എടുക്കാൻ കഴിയൂ.  23 ലക്ഷം  പേർ അടുത്ത പരീക്ഷക്കായി അപേക്ഷകൊടുത്ത്‌ കാത്തിരിക്കുന്നുണ്ട്‌. അതും സർക്കാർ പരിഗണിക്കേണ്ടതല്ലേയെന്നും വിജയരാഘവൻ ചോദിച്ചു.