റവന്യൂ വകുപ്പിന്റെ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാകും

0
69

റവന്യൂ വകുപ്പിന്റെ സേവനങ്ങൾ ഓൺലൈനാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച വെബ് പോർട്ടലിന്റെ ഉദ്ഘാടനം റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ നിർവഹിച്ചു. പൊതുജനങ്ങൾക്ക് കൂടുതൽ സ്വീകാര്യമാകുംവിധം റവന്യു വകുപ്പ് നിരവധി പദ്ധതികളാണ്‌ ആവിഷ്‌കരിച്ചതെന്ന്‌ മന്ത്രി പറഞ്ഞു.

ഇതിന്റെ ഭാഗമായാണ് വില്ലേജ് ഓഫിസുകളെ സ്മാർട്ട് വില്ലേജ് ഓഫിസുകളാക്കുന്നത്. സാങ്കേതിക വിദ്യയുടെ വളർച്ച സമൂഹത്തിന്റെ പുരോഗതിക്ക് ഉതകുന്നതാകണം. പുതിയ വെബ് പോർട്ടലിലൂടെ പൊതുജനങ്ങൾക്ക് നിരവധി സേവനങ്ങൾ വീട്ടിലിരുന്നുതന്നെ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

www.lrd.kerala.gov.in എന്നതാണ് പുതിയ വെബ്‌പോർട്ടൽ. ഒറ്റ ലോഗിനിലൂടെ വിവിധങ്ങളായ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാകും. ഉദ്യോഗസ്ഥരുടെ ഓൺലൈൻ സ്ഥലംമാറ്റം, ഒറ്റത്തവണ കെട്ടിട നികുതി, റവന്യു വിഷയങ്ങളിന്മേൽ പൊതുജന പരാതി പരിഹാരം(റവന്യു മിത്രം), ദുരിതബാധിതർക്ക് അടിയന്തര സഹായം, കഷ്ടനഷ്ടങ്ങൾക്കുള്ള ധനസഹായ വിതരണം, പ്രകൃതി ദുരന്ത സാധ്യതാ മേഖലകളുടെ മാപ്പിങ് എന്നിവ ഉൾപ്പെടുത്തിയാണ് പോർട്ടൽ തയ്യാറാക്കിയത്. ചടങ്ങിൽ ലാൻഡ് റവന്യു കമീഷണർ കെ ബിജു, സർവേ ഡയറക്ടർ ആർ ഗിരിജ എന്നിവരും പങ്കെടുത്തു.