ജസ്‌ന തിരോധാനക്കേസ്: അന്വേഷണം സിബിഐക്ക്

0
90

ജസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്. കേസ് ഏറ്റെടുക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു.

അതേസമയം ജസ്‌ന തിരോധാനക്കേസില്‍ മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. മറ്റൊരു ഏജന്‍സി കേസ് അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടത്.

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ഹാജരായി കേസ് ഏറ്റെടുക്കാന്‍ സിബിഐ സന്നദ്ധനാണെന്ന് അറിയിച്ചു. ജസ്‌നയുടെ തിരോധാനം ഗൗരവമുള്ളതാണെന്നും അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ കേസിനുണ്ടെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

സിബിഐക്ക് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നും ഇത് പരിഹരിക്കാനുള്ള ഇടപെടല്‍ ഉണ്ടാവണമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ അറിയിച്ചു. ഇത് അംഗീകരിച്ചുകൊണ്ടാണ് കേസ് സിബിഐക്ക് കൈമാറുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.