സംസ്ഥാന ഫിഷറീസ് വകുപ്പിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയത് അടിസ്ഥാന രഹിതമായ ആരോപണമെന്ന് ജെ മേഴ്സിക്കുട്ടിയമ്മ. ആരോപണങ്ങൾ അസംബന്ധമാണ്. മത്സ്യബന്ധനത്തിന് അനുമതി നൽകേണ്ടത് ഫിഷറീസ് വകുപ്പാണെന്നും അത്തരത്തിലൊരു ആവശ്യം തന്റെ മുൻപിൽ വന്നിട്ടില്ലെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
മത്സ്യത്തൊഴിലാളികളെ എന്തെങ്കിലും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മോഹം നടപ്പില്ല. അസംബന്ധമായ ആരോപണമാണിത്. വിദേശ കപ്പലുകൾക്ക് അനുമതി നൽകുന്നത് കേന്ദ്ര സർക്കാരാണ്. അമേരിക്കക്ക് പോയത് യു എന്നുമായുള്ള ചർച്ചക്കാണെന്നും മന്ത്രി വ്യക്തമാക്കി.
യന്ത്രവൽകൃത ബോട്ടുകൾക്ക് മത്സ്യ ബന്ധനം നടത്താൻ അമേരിക്കയിൽ വച്ച് ഒപ്പിട്ട കരാറിൽ 5000 കോടിയുടെ അഴിമതി നടന്നെന്ന് കൊല്ലത്ത് ഐശ്യര്യ കേരള യാത്രക്കിടെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചെന്നിത്തല ആരോപിച്ചത്.