Wednesday
17 December 2025
26.8 C
Kerala
HomeIndiaരാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദങ്ങൾ ; യാത്രക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദങ്ങൾ ; യാത്രക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ

കൊറോണ വൈറസിന്റെ സൗത്ത് ആഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങള്‍ രാജ്യത്ത് കണ്ടെത്തിയതിനു പിന്നാലെ പുത്തന്‍ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. പുതുതായി കണ്ടെത്തിയ ഈ രണ്ടു വകഭേദങ്ങള്‍ക്കും പകർച്ച വ്യാപന സാധ്യത വളരെക്കൂടുതലാണ്.

യു.കെ. യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍നിന്ന് വരുന്നവര്‍ ഒഴികെയുള്ള യാത്രക്കാര്‍ക്കാണ് പുതിയ നിര്‍ദേശം ബാധകമാവുക. അതേസമയം, യു.കെ. യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍നിന്ന് നേരിട്ടുള്ള വിമാനം വഴിയോ മാറിക്കയറിയോ എത്തുന്ന എല്ലാ യാത്രക്കാരും തങ്ങളുടെ 14 ദിവസത്തെ ട്രാവല്‍ ഹിസ്റ്ററി വെളിപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

കൊറോണ വൈറസിന്റെ സൗത്ത് ആഫ്രിക്കന്‍ വകഭേദം നാലു പേരിലും ബ്രസീലിയന്‍ വകഭേദം ഒരാളിലുമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചിട്ടുണ്ട്. അതേസമയം വൈറസിന്റെ യു.കെ. വകഭേദം രാജ്യത്ത് ഇതുവരെ 187 പേരിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം, യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുന്‍പ് നടത്തിയ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റില്‍ നെഗറ്റീവ് ആയവര്‍ക്കു മാത്രമേ വിമാനത്തില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളൂ. അതേസമയം, കുടുംബത്തില്‍ മരണം സംഭവിച്ചതുമൂലം യാത്ര ചെയ്യുന്നവരെ ഈ നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍, യാത്രയ്ക്ക് മുന്‍പ് കോവിഡ് നെഗറ്റീവ് ആണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. കൂടാതെ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റില്‍ നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ടും അപ്‌ലോഡ് ചെയ്യണം. തെറ്റായ വിവരമാണ് അപ്‌ലോഡ് ചെയ്യുന്നതെങ്കില്‍, അത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കാന്‍ സാധ്യതയുണ്ട്.

യു.കെ., യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഇന്ത്യയിലെത്തുന്നവര്‍, ഇവിടെ എത്തിയതിനു ശേഷം സ്വന്തം ചിലവില്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് ചെയ്യണം. ഇത് നിര്‍ബന്ധമാണ്. സൗത്ത് ആഫ്രിക്കയില്‍നിന്നും ബ്രസീലില്‍നിന്നും ഇന്ത്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍, ഈ രണ്ടുരാജ്യങ്ങളില്‍നിന്നുമുള്ളവര്‍ മേല്‍പ്പറഞ്ഞ വിഭാഗത്തില്‍ ഉള്‍പ്പെടും.

RELATED ARTICLES

Most Popular

Recent Comments