Wednesday
17 December 2025
24.8 C
Kerala
HomeIndiaടൂള്‍ കിറ്റ് കേസില്‍ മലയാളി അഭിഭാഷക നികിത ജേക്കബിന് മൂന്ന് ആഴ്ചത്തെ ഇടക്കാല ജാമ്യം

ടൂള്‍ കിറ്റ് കേസില്‍ മലയാളി അഭിഭാഷക നികിത ജേക്കബിന് മൂന്ന് ആഴ്ചത്തെ ഇടക്കാല ജാമ്യം

പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുൻബെർഗുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് കേസിൽ മലയാളി അഭിഭാഷകയും പരിസ്ഥിതി പ്രവർത്തകയുമായ നികിത ജേക്കബിന് ഇടക്കാല ജാമ്യം. മൂന്ന് ആഴ്ചത്തെ ഇടക്കാല ജാമ്യമാണ് ബോംബെ ഹൈക്കോടതി അനുവദിച്ചത്. അതിനിടയിൽ മുൻകൂർ ജാമ്യം തേടി ഡൽഹി കോടതിയെ സമീപിക്കാം. 25,000 രൂപ കെട്ടിവെക്കണം.

നികിത ജേക്കബിന് മതപരമായോ, സാമ്പത്തികമായോ, രാഷ്ട്രീയമായോ അജണ്ടകളോ, ഉദ്ദേശങ്ങളോ ഇല്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

കേസിൽ ഡൽഹി കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്നും ഇടക്കാല സംരക്ഷണം നൽകാൻ ബോംബെ കോടതിക്ക് സാധിക്കില്ലെന്നും ഡൽഹി പോലീസ് വാദിച്ചിരുന്നു. എന്നാൽ ഡൽഹി പോലീസിന്റെ ഈ അവകാശവാദം കോടതി തള്ളി. കേസിൽ ബോംബ ഹൈക്കോടതിക്കും ഇടക്കാല സംരക്ഷണം നൽകാൻ അധികാരമുണ്ടെന്നും കോടതി നീരിക്ഷിച്ചു.

ടൂൾ കിറ്റിൽ കർഷകസമരത്തെ പിന്തുണയ്ക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും ആക്രമണത്തിന് പ്രേരിപ്പിക്കുന്നതോ ചെങ്കോട്ട ആക്രമണവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഇല്ലെന്നും നികിതയുടെ അഭിഭാഷകൻ മിഹിർ ദേശായ് ബോംബെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള യാതൊന്നും ടൂൾ കിറ്റിലില്ലെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ഖലിസ്ഥാൻ പ്രസ്ഥാനവുമായി നികിത ജേക്കബിന് ബന്ധമുണ്ടെന്ന ഡൽഹി പോലീസിന്റെ കണ്ടെത്തൽ തമാശയായി മാത്രമേ കാണാനാവൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ് നികിതയെന്നും പരിസ്ഥിതി കാര്യങ്ങളിൽ താത്പര്യമുണ്ടെന്നതൊഴിച്ചാൽ അവർക്ക് മറ്റൊരു പ്രസ്ഥാനവുമായും ബന്ധമില്ലെന്നും മിഹിർ ദേശായി വ്യക്തമാക്കി.

നേരത്തെ ബീഡിലെ പരിസ്ഥിതി പ്രവർത്തകനായ ശാന്തനു മുലുകിന് അറസ്റ്റിൽ നിന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് ഇടക്കാല സംരക്ഷണം നൽകി. പത്തുദിവസത്തെ സംരക്ഷണമാണ് കോടതി നൽകിയത്. അതിനിടയിൽ മുൻകൂർ ജാമ്യം തേടി ശാന്തനുവിന് ഡൽഹി കോടതിയെ സമീപിക്കാം.

RELATED ARTICLES

Most Popular

Recent Comments