ബിപ്ലബിന്റെ ‘ബി.ജെ.പി. വ്യാപിപ്പിക്കല്‍’ പ്രസ്താവനയ്ക്കെതിരെ നേപ്പാള്‍

0
63

ബി.ജെ.പിയെ നേപ്പാളിലും ശ്രീലങ്കയിലും വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി നേപ്പാള്‍. വിഷയത്തില്‍ ഔദ്യോഗികമായി ഇന്ത്യയെ എതിര്‍പ്പ് അറിയിച്ചുവെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി പറഞ്ഞു.

ഒരു ട്വിറ്റര്‍ ഉപയോക്താവ് ബിപ്ലബ് കുമാറിന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു ഗ്യാവാലിയുടെ പ്രതികരണം. ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗിക എതിര്‍പ്പ് ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ടെന്നും ഗ്യാവാലി വ്യക്തമാക്കി.

ബിപ്ലബിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ന്യൂഡല്‍ഹിയിലെ നേപ്പാള്‍ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥന്‍ വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി അരിന്ദം ബാഗ്ചിയെ അതൃപ്തി അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വിദേശകാര്യ മന്ത്രാലയത്തിലെ നേപ്പാളിന്റെയും ഭൂട്ടാന്റെയും ചുമതല വഹിക്കുന്ന ജോയിന്റ് സെക്രട്ടറിയാണ് ബാഗ്ചി.

അഗര്‍ത്തലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ ആയിരുന്നു പാര്‍ട്ടി അയല്‍രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനെ കുറിച്ചുള്ള ബിപ്ലബിന്റെ പരാമര്‍ശം. അമിത് ഷാ പാര്‍ട്ടി അധ്യക്ഷനായിരിക്കെ അസം സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞത് എന്നു വിശദീകരിച്ചായിരുന്നു ബിപ്ലബിന്റെ വാക്കുകള്‍. രാജ്യത്തെ നിരവധി സംസ്ഥാനങ്ങളില്‍ ബി.ജെ.പി. അധികാരത്തിലെത്തിയെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍, നേപ്പാളും ശ്രീലങ്കയും ഇനിയും ബാക്കിയുണ്ട് എന്നായിരുന്നു ഷായുടെ മറുപടിയെന്നായിരുന്നു ബിപ്ലബ് പറഞ്ഞത്.

നേരത്തെ, ശ്രീലങ്കയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വിദേശ പാര്‍ട്ടികള്‍ക്ക് ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കാനാകില്ലെന്ന് രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചെയര്‍മാന്‍ നിമാല്‍ പുഞ്ചിഹെവ പ്രതികരിച്ചിരുന്നു.