വിഘടന വിരുദ്ധ ബില്‍ ഫ്രഞ്ച് പാര്‍ലമെന്റില്‍ പാസായി

0
55

മാസങ്ങളായുള്ള വിവാദങ്ങള്‍ക്കൊടുവില്‍ വിഘടന വിരുദ്ധ ബില്‍ ഫ്രഞ്ച് പാര്‍ലമെന്റില്‍ പാസായി. 151 വോട്ടുകള്‍ക്കെതിരെ 347 വോട്ടു നേടിയാണ് പാര്‍ലമെന്റ് ലോവര്‍ ഹൗസില്‍ ബില്‍ പാസായത്. 67 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

മതസ്ഥാപനങ്ങളിലേക്ക് സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് പുതിയ ബില്‍. കലാപ ആഹ്വാനം, വിദേഷ്വം പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെടുന്ന ആരാധനാലയങ്ങളെ പൂട്ടാന്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരം ലഭിക്കും.

കൂടാതെ എല്ലാ മത സംഘനടകളും തങ്ങള്‍ റിപബ്ലിക്കന്‍ മൂല്യങ്ങള്‍ മാനിക്കുന്നു എന്ന് രേഖാമൂലം വ്യക്തമാക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഇവര്‍ക്ക് സ്റ്റേറ്റ് സബ്‌സിഡികള്‍ ലഭിക്കില്ല. വിദേശരാജ്യങ്ങളില്‍ നിന്നും 10000 യൂറോയിലധികം ആരാധനാലയങ്ങള്‍ക്ക് സംഭാവനയായി ലഭിക്കുന്നുണ്ടെങ്കില്‍ അത് സര്‍ക്കാരിനെ അറിയിക്കണം. അവരുടെ അക്കൗണ്ടുകള്‍ സര്‍ട്ടിഫൈ ചെയ്യുകയും വേണം. പള്ളികളുടെ ഇമാമുകള്‍ക്ക് പ്രത്യേക ടെസ്റ്റുകള്‍ പാസാവേണ്ടതുണ്ട്. ഫ്രഞ്ച് മുസ്‌ലിം കൗണ്‍സിലിനാണ് പള്ളികളിലെ ഇമാമിനുള്ള പരീശീലനം നല്‍കാനുള്ള ചുമതല. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇമാമുകളെ ഇനി ഫ്രാന്‍സ് സ്വീകരിക്കില്ല. ഈ ഇമാമുകള്‍ക്ക് ഫ്രഞ്ച് ഭാഷ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.

മൂന്ന് വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് വീട്ടില്‍ നിന്നും വിദ്യഭ്യാസം നല്‍കണമെങ്കില്‍ അതിന് പ്രത്യേക നിബന്ധനകള്‍ ഉണ്ട്. പൊതുവിദ്യാലയത്തില്‍ നിന്നും കുട്ടികളെ കൊണ്ടുപോയി മതപഠനം നടത്തുന്നതിനും വിലക്കുണ്ട്. പെണ്‍കുട്ടികള്‍ക്ക് കന്യകാത്വ പരിശോധന നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും ഉണ്ടാവും. ഒന്നില്‍ കൂടുതല്‍ ഭാര്യമാര്‍ ഉള്ളവര്‍ക്ക് താമസാനുമതി നല്‍കുന്നതില്‍ നിന്നും അധികാരികളെ വിലക്കും.

അതേസമയം മാക്രോണിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ലോവര്‍ ഹൗസിലാണ് ബില്‍ പാസായിരിക്കുന്നത്. ഇനി അപ്പര്‍ഹൗസിലേക്ക് ബില്‍ അനുമതിക്കെത്തും. ഇവിടെ മാക്രോണിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷമില്ല. എന്നാല്‍ ദേശീയതലത്തില്‍ ബില്ലിനെതിരെ കടുത്ത പ്രതിഷേധം ഇല്ല എന്നത് സര്‍ക്കാരിന് പ്രതീക്ഷയുണ്ടാക്കുന്നുണ്ട്.

ഷാര്‍ലെ ഹെബ്ദോ കാര്‍ട്ടൂണ്‍ ക്ലാസ് മുറിയില്‍ കാണിച്ചതിന്റെ പേരില്‍ ചരിത്രാധ്യാപകനായ സാമുവേല്‍ പാറ്റിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഈ പദ്ധതികള്‍ വേഗത്തിലാക്കുന്നത്. ഒക്ടോബര്‍ 16 നാണ് സാമുവേല്‍ പാറ്റി കൊല്ലപ്പെട്ടത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ക്ലാസ് എടുക്കവെയായിരുന്നു പ്രവാചകന്റെ കാര്‍ട്ടൂണ്‍ ഇദ്ദേഹം ക്ലാസ് റൂമില്‍ കാണിച്ചത്. മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ ക്ലാസില്‍ നിന്നു പുറത്തു പോവാമെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു. അധ്യാപകനെ കൊലപ്പെടുത്തിയ അബ്ദുള്ള അന്‍സൊരൊവ് എന്ന പതിനെട്ടുകാരനായ പ്രതിയെ സംഭവസ്ഥലത്തു തന്നെ വെടിവെച്ചു കൊന്നിരുന്നു. റഷ്യയില്‍ ഫ്രാന്‍സിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി. കൊലപാതക ആസൂത്രണത്തില്‍ നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ട്.

സമാനമായി രണ്ട് ആക്രമണങ്ങളും പിന്നീട് രാജ്യത്ത് നടന്നു. നൈസ് നഗരത്തിലെ ചര്‍ച്ചില്‍ കത്തിയുമായി എത്തിയ ഒരു ആക്രമി മൂന്ന് പേരെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. ടുണീഷ്യയില്‍ നിന്നും ഫ്രാന്‍സിലെത്തിയ 21 കാരനായ യുവാവായിരുന്ന പ്രതി. തൊട്ടു പിന്നാലെ ഫ്രാന്‍സിലെ ലിയോയില്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് പുരോഹിതന് നേരെ വെടിവെപ്പും നടന്നിരുന്നു.