Sunday
11 January 2026
24.8 C
Kerala
HomeIndiaപഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിൽ ചിത്രത്തിലില്ലാതെ ബിജെപി; ബിജെപിക്ക് നാണം കേട്ട തോൽവി

പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിൽ ചിത്രത്തിലില്ലാതെ ബിജെപി; ബിജെപിക്ക് നാണം കേട്ട തോൽവി

പഞ്ചാബിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ചിത്രത്തിലേയില്ലാതെ ബിജെപി. ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ മിക്ക ഭരണസ്ഥാപനങ്ങളിലും കോൺഗ്രസിനാണ് മേൽക്കൈ. ശിരോമണി അകാലിദളിനും വൻ തിരിച്ചടി നേരിട്ടു. കാർഷിക സമരത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ ഫെബ്രുവരി 14നായിരുന്നു തെരഞ്ഞെടുപ്പ്.

എട്ട് കോർപറേഷനുകളിൽ എട്ടിടത്തും കോൺഗ്രസാണ് മുമ്പിൽ നിൽക്കുന്നത്. 109 കൗൺസിലുകളിൽ 63 ഇടത്തും കോൺഗ്രസ് ലീഡ് ചെയ്യുന്നു. എട്ടിടത്ത് ശിരോമണി അകാലിദളും രണ്ടിടത്ത് ആം ആദ്മി പാർട്ടിയും മുമ്പിട്ടു നില്ക്കുന്നു. ബിജെപിക്ക് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. നാലിടത്ത് സ്വതന്ത്രർക്കാണ് മേൽക്കൈ. 77 ഇടത്തെ ഫലങ്ങളാണ് ഇതുവരെ പുറത്തു വന്നത്.

ഭതിണ്ഡ മുനിസിപ്പൽ കോർപറേഷനിലെ അമ്പത് സീറ്റിൽ, 30 ഇടത്തെ ഫലം പുറത്തുവരുമ്പോൾ 25 സീറ്റിലും കോൺഗ്രസാണ് മുമ്പിൽ. അഞ്ചിടത്ത് അകാലിദൾ ലീഡ് ചെയ്യുന്നു. എഎപിക്കും ബിജെപിക്കും അക്കൗണ്ട് തുറക്കാനായിട്ടില്ല. ഹോഷിയാപൂർ മുനിസിപ്പൽ കോർപറേഷനിലെ 50 സീറ്റിൽ 41 ഇടത്തും കോൺഗ്രസാണ് മുമ്പിൽ. അകാലിദൾ 2, ബിജെപി 4, എഎപി 0, സ്വതന്ത്രർ 3 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ ലീഡ് നില.

അഭോർ മുനിസിപ്പൽ കോർപറേഷനിലെ അമ്പത് സീറ്റിൽ 49 ഇടത്തും കോൺഗ്രസ് വിജയിച്ചു. ഒരിടത്ത് അകാലിദളും. മോഗയിലെ 50 സീറ്റിൽ 20 സീറ്റിൽ കോൺഗ്രസും അകാലിദൾ 15 സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി ഒരിടത്തു മാത്രമാണ് മുമ്പിൽ നിൽക്കുന്നത്. രാജ്പുരയിലെ 31 സീറ്റിൽ 27 ഇടത്തും കോൺഗ്രസ് മുമ്പിലാണ്.

ഗുർദാസ്പൂരിലെ 29 സീറ്റിലും കോൺഗ്രസ് തന്നെയാണ് മുമ്പിൽ. ശ്രീഹർഗോബിന്ദ്പൂരിലെ 11 സീറ്റിൽ മൂന്നിടത്ത് കോൺഗ്രസ് ലീഡ് ചെയ്യുന്നു. ഏഴിടത്ത് സ്വതന്ത്രരും. ഗുരുദാസ്പൂരിലെ 29 സീറ്റും കോൺഗ്രസ് സ്വന്തമാക്കി. ബിജെപി എംപി സണ്ണി ഡിയോളിന്റെ മണ്ഡലമാണ് ഗുരുദാസ്പൂർ. ഭവാനിഗർ മുനിസിപ്പൽ കൗൺസിലിലെ 15ൽ 13 സീറ്റിലും കോൺഗ്രസ് വിജയിച്ചു.

എട്ട മുനിസിപ്പൽ കോർപറേഷനുകളും 109 മുനിസിപ്പൽ കൗൺസിലുകളും ഉൾപ്പെടെ 117 തദ്ദേശ ഭരണസ്ഥാപനങ്ങളിലെ 2302 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മൊത്തം 9222 സ്ഥനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

RELATED ARTICLES

Most Popular

Recent Comments