ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു; വി കെ ഇബ്രാഹിംകുഞ്ഞ്‌ പാണക്കാട്ട്‌

0
71

പാലാരിവട്ടം പാലം അഴിമതിക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ മുൻ മന്ത്രിയും മുസ്ലിം ലീഗ് എംഎൽഎയുമായ വി കെ ഇബ്രാഹിംകുഞ്ഞ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് പാണക്കാട്ടെത്തി ലീഗ്‌ നേതാക്കളുമായി ചർച്ചനടത്തി.

വെള്ളിയാഴ്‌ച ഉച്ചയോടെ പാണക്കാട്ട് എത്തിയ അദ്ദേഹം ലീഗ്‌ അധ്യക്ഷൻ ഹൈദരലി ശിഹാബ്‌ തങ്ങൾ, ജില്ലാ പ്രസിഡന്റ്‌ സാദിഖലി ശിഹാബ്‌ തങ്ങൾ എന്നിവരുടെ വീടകൾ സന്ദർശിച്ച ശേഷം അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്‌ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ മകൻ അബ്ദുൾ ഗഫൂറിന്‌ കളമശേരി മണ്ഡലത്തിൽ സീറ്റ്‌ തരപ്പെടുത്താൻ ലക്ഷ്യമിട്ടാണ്‌ സന്ദർശനമെന്നാണ്‌ വിവരം. സന്ദർശനം ചാനലുകളിൽ വാർത്തയായതോടെ അദ്ദേഹം പെട്ടെന്ന്‌ മടങ്ങി.

എറണാകുളം ജില്ല വിട്ട്‌ പുറത്ത്‌പോകരുതെന്ന കർശന വ്യവസ്ഥയോടെയാണ്‌ പാലാരിവട്ടം കേസിലെ അഞ്ചാം പ്രതിയായ  ഇബ്രാഹിംകുഞ്ഞിന്‌ ഹൈക്കോടതി ജാമ്യമനുവദിച്ചത്‌.  ആരോഗ്യനില പരിഗണിച്ചായിരുന്നു ജാമ്യം. ഇതിനിടെ മലപ്പുറം മമ്പുറം പള്ളിയിൽ പ്രാർത്ഥന നടത്താൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട്‌ ഇബ്രാഹിംകുഞ്ഞ്‌ മൂവാറ്റുപുഴ വിജിലൻസ്‌ കോടതിയിൽ അപേക്ഷ നൽകി. ഇത്‌ പരിഗണിച്ചാണ്‌ 10 മുതൽ 13 വരെ ദിവസങ്ങളിൽ എറണാകുളം ജില്ലയ്ക്ക്‌ പുറത്ത്‌ കടക്കാൻ കോടതി അനുമതി നൽകിയത്‌. എന്നാൽ മമ്പുറം പള്ളിയിൽ പ്രാർത്ഥന നടത്താൻ മാത്രമേ ജാമ്യ ഇളവ്‌ ഉപയോഗപ്പെടുത്താവൂ എന്ന്‌ കോടതി പ്രത്യേകം പരാമർശിച്ചിട്ടുണ്ട്‌. ഇത് ലംഘിച്ചാണ് ഇബ്രാഹിംകുഞ്ഞ്  മലപ്പുറം ജില്ലയിൽ പല നേതാക്കളെയും  സന്ദർശിച്ചു ചർച്ച നടത്തിയത്.

 

See also: