വിതുര പെൺവാണിഭക്കേസ്‌: ഒന്നാംപ്രതി സുരേഷിന്‌ 24 വർഷം തടവ്‌

0
46

വിതുര പെൺവാണിഭക്കേസിൽ ഒന്നാംപ്രതി കൊല്ലം ജുബൈദ മൻസിലിൽ സുരേഷിന്‌ 24 തടവ്‌. പിഴതുകയായ 1,09,000 രൂപ ഇരയായ പെൺകുട്ടിക്ക്‌ നൽകാനും കോട്ടയം അഡീഷണൽ സെഷൻസ്‌ കോടതി –രണ്ട്‌ ജഡ്‌ജി ജോൺസൻ ജോൺ‌ വിധിച്ചു‌. പ്രതിക്കെതിരെയുള്ള 24 കേസുകളിൽ ഒന്നിലാണ്‌ കോടതി വിധിപറഞ്ഞത്‌.

പ്രതി കുറ്റക്കാരനാണെന്ന്‌ ഇന്നലെ  കോടതി വിധിച്ചിരുന്നു.  പെൺകുട്ടിയെ അന്യായമായി തടങ്കലിലാക്കൽ,  വ്യഭിചാരത്തിനായി വിൽപ്പന, വ്യഭിചാരശാല നടത്തിപ്പ്‌ എന്നീ കുറ്റകൃത്യം പ്രതിക്കെതിരെ തെളിഞ്ഞു. ബലാത്സംഗം, പ്രേരണാക്കുറ്റം എന്നിവ കണ്ടെത്താനായില്ല.

1995 ഒക്ടോബർ 23ന് രാത്രി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  അയൽവാസി അജിതാബീഗമാണ്‌ തട്ടിക്കൊണ്ടുപോയി സുരേഷിന്‌ വിൽക്കുന്നത്‌. സുരേഷ്‌  പീഡിപ്പിച്ചശേഷം പ്രമുഖ വ്യക്തികൾ ഉൾപ്പെടെയുള്ളവർക്ക്‌‌ പണം കൈപ്പറ്റി  കൈമാറ്റം ചെയ്‌തെന്നും  അവർ കേരളത്തിനകത്തും പുറത്തും കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ്‌   കേസ്‌.

പ്രതിക്ക് വീട് വാടകയ്‌ക്ക് നൽകിയ ആന്റോ എന്ന സാക്ഷി അമേരിക്കയിൽ സ്ഥിരതാമസക്കാരനായതിനാൽ  വീഡിയോ കോൺഫറൻസ് വഴി കോടതി മൊഴി രേഖപ്പെടുത്തി.  പ്രോസിക്യൂഷനുവേണ്ടി   സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ രാജഗോപാൽ പടിപ്പുരയ്‌ക്കൽ ഹാജരായി.

കൊല്ലം കടയ്‌ക്കൽ സ്വദേശിയാണ്‌ സുരേഷ്‌.കേസിൽ പിടിയിലായ ശേഷം ജാമ്യത്തിൽ മുങ്ങുകയായിരുന്നു.  കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഹൈദരാബാദില്‍ നിന്ന്‌ 2019 ജൂണിലാണ്‌  ക്രൈംബ്രാഞ്ച് പിടികൂടിയത്.

Read more: https://www.deshabhimani.com/news/national/vithura-rape-case/924289