സ്ത്രീവിരുദ്ധ പരാമര്‍ശം; ടോക്യോ ഒളിമ്പിക്‌സ് തലവന്‍ യോഷിറോ മോറി രാജിവെച്ചു

0
59

സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് വിമര്‍ശന വിധേയനായ ടോക്യോ ഒളിമ്പിക്‌സ് തലവന്‍ യോഷിറോ മോറി രാജിവെച്ചു. തന്റെ പ്രസ്താവനയ്ക്ക് വെള്ളിയാഴ്ച അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു.

”ജൂലൈ മുതല്‍ ഒളിമ്പിക്‌സ് നടത്തുക എന്നതാണ് പ്രധാനം. എന്റെ സാന്നിധ്യം അതിന് തടസമാകരുതെന്ന് എനിക്കുണ്ട്.” – വെള്ളിയാഴ്ച നടന്ന പ്രത്യേക സമിതി യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി കൂടിയായ മോറിക്ക് പകരം ആരാണ് സ്ഥാനമേല്‍ക്കുകയെന്ന് വ്യക്തമല്ല. പകരക്കാരനായി പ്രശസ്ത സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേറ്റര്‍ സബുറോ കവബൂച്ചിയെ ആദ്യം തിരഞ്ഞെടുത്തിരുന്നുവെങ്കിലും അത് പ്രതിഷേധത്തിനിടയാക്കി.

‘മീറ്റിങ്ങുകളില്‍ സ്ത്രീകള്‍ ആവശ്യത്തിലധികം സംസാരിക്കുന്നു’ എന്ന മോറിയുടെ പ്രസ്താവനയാണ് അദ്ദേഹത്തിന് വിനയായത്. അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്കെതിരേ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

കോവിഡിനിടയില്‍ ലോകമെങ്ങുമുള്ള താരങ്ങളെയും ഒഫീഷ്യല്‍സിനെയും ഉള്‍പ്പെടുത്തി ഒളിമ്പിക്‌സ് നടത്തുന്നതിനെതിരേ ജപ്പാനില്‍ വലിയ പ്രതിഷേധമുണ്ട്. അതിനിടയില്‍ ഒളിമ്പിക്‌സ് സംഘാടനത്തിന്റെ തലവന്‍ വിവാദത്തില്‍പ്പെട്ടത് മറ്റൊരു ആഘാതമായി.

ഒളിമ്പിക്‌സിന്റെ ഏറ്റവും വലിയ സ്‌പോണ്‍സര്‍മാരില്‍ ഒരാളായ ടൊയോട്ടയുടെ പ്രസിഡന്റ് അകിയോ ടൊയോഡ തന്നെ യോഷിറോ മോറിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.