മൃഗരാജാക്കന്മാരും പക്ഷിക്കൂട്ടങ്ങളും പുത്തൂരിലേക്ക് വരവായി. ലോകോത്തര
സുവോളജിക്കൽ പാർക്കിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുമെന്ന് ഗവ. ചീഫ് വിപ്പ് കെ രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്‌ച വൈകീട്ട് 3.30ന് സുവോളജിക്കൽ പാർക്ക് കോമ്പൗണ്ടിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി അഡ്വ. കെ രാജു അധ്യക്ഷനാവും. മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തും.
മന്ത്രിമാരായ എ സി മൊയ്‌തീൻ, പ്രൊഫ. സി രവീന്ദ്രനാഥ്, അഡ്വ. വി എസ് സുനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും. പുത്തൂരിൽ 136.86 ഹെക്ടർ വനഭൂമിയിലാണ് പാർക്ക്. പദ്ധതിക്കായി കിഫ്ബിയിൽനിന്നും 269.75 കോടിയും സംസ്ഥാന വിഹിതമായി 40 കോടിയും അനുവദിച്ചു. കാട്ടുപോത്ത്, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, പക്ഷികൾ എന്നിവയ്ക്കായുള്ള നാല് ആവാസയിടങ്ങൾ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസ്, ആശുപത്രി സമുച്ചയം, സൂ കിച്ചൻ ബ്ലോക്ക്, എന്നിവ ഒരുങ്ങി. സൂ അതോറിറ്റിയുടെ അംഗീകാരത്തിന് വിധേയമായി ഉടൻ തൃശൂരിലെ മൃഗങ്ങളെ മാറ്റും.രണ്ടാംഘട്ടത്തിൽ മുതല, മാനുകൾ, കടുവ, പുലി, സിംഹം, ഉഭയ ജീവികൾ, ഉരഗങ്ങൾ തുടങ്ങി ജീവികൾക്കായുള്ള ബയോഡൈവേഴ്സിറ്റി സെന്റർ, ഓറിയന്റേഷൻ സെന്റർ എന്നിവ ഉൾപ്പെടുന്നു.
മൂന്നാംഘട്ടത്തിൽ ജിറാഫ്, സീബ്ര, ഒട്ടകപക്ഷി, ഈലാന്റ്, ഹിപ്പോ പൊട്ടാമസ്, കരടി, വരയാട്, പുൽമേട് പക്ഷികൾ, ഇരപിടിയൻ പക്ഷികൾ, കുറുക്കൻ, ചെന്നായ, കഴുതപുലി എന്നിവയുടെ ആവാസയിടങ്ങളും ഒരുങ്ങും. ഈ പണികളെല്ലാം പുരോഗമിക്കുന്നുണ്ട്. ജീവികളുടെ ആവാസവ്യവസ്ഥകൾക്ക് അനുയോജ്യമായി 9 മേഖലകളാക്കി പത്തു ലക്ഷത്തോളം തൈകൾ നട്ടുപിടി പ്പിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്‌ണൻ, സുവോളജിക്കൽ പാർക്ക് ഡയക്ടർ കെ എസ് ദീപ എന്നിവർ പങ്കെടുത്തു.