കശ്മീരില്‍ കറുത്ത മഞ്ഞ് പെയ്യുമ്പോള്‍ ബി.ജെ.പിയില്‍ ചേരും: ഗുലാം നബി ആസാദ്

0
61

ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കശ്മീരില്‍ കറുത്ത മഞ്ഞ് വീഴുമ്പോള്‍ താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ആസാദ് തന്റെ നിലപാട് വ്യക്തമാക്കിയത്.

90 മുതല്‍ നരേന്ദ്രമോദിയുമായി സംവാദങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. അവിടെ മോദിയുമായി ഏറ്റുമുട്ടിയിട്ടുണ്ട്. പരസ്പരം ചായ കുടിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ ബിജെപിയില്‍ ചേരുമെന്ന പ്രചാരണത്തെ കുറിച്ച് അറിയില്ലെന്നും ആസാദ് പറഞ്ഞു.

ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവരാരായാലും അവര്‍ക്ക് എന്നെ അറിയില്ല. രാജമാതാ സിന്ധ്യ പ്രതിപക്ഷ ഉപനേതാവായിരുന്ന കാലം എനിക്കെതിരെ ആരോപണം ഉന്നയിച്ചു. ആരോപണം ഗൗരവമായി എടുക്കുന്നുവെന്ന് ഞാന്‍ പറഞ്ഞു. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാനായി അടല്‍ ബിഹാരി വാജ്‌പേയി ചെയര്‍മാനായി എല്‍കെ അദ്വാനി, സിന്ധ്യ എന്നിവര്‍ ചേര്‍ന്ന കമ്മിറ്റി രൂപീകരിക്കണമെന്ന് ഞാന്‍ നിര്‍ദേശിച്ചു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എനിക്കെതിരെ എന്ത് ശിക്ഷ നല്‍കിയാലും സ്വീകരിക്കുമെന്നും ഞാന്‍ ഉറപ്പ് നല്‍കി. ഈ സമയം, വാജ്‌പേയി മുന്നോട്ടുവന്ന് എനിക്കരികിലെത്തി സഭയോടും എന്നോടും ക്ഷമ ചോദിച്ചു. സിന്ധ്യക്ക് എന്നെ അറിയില്ലായിരിക്കാം പക്ഷേ വാജ്‌പേയിക്ക് എന്നെ നന്നായി അറിയാമായിരുന്നു’-ഗുലാം നബി ആസാദ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

രാഹുല്‍ഗാന്ധിയെ കണ്ടിരുന്നോ എന്ന ചോദ്യത്തിന് അതെ രണ്ടുതവണ കണ്ടെന്നും ആസാദ് മറുപടി നല്‍കി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഒരു നീണ്ട കത്ത് എഴുതിയതായും ആസാദ് പറഞ്ഞു. അതിന് ശേഷം സോണിയയെ കണ്ടപ്പോള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ തയ്യാറാക്കണമെന്ന് പറഞ്ഞതായും ആസാദ് പറഞ്ഞു.

രാജ്യസഭയില്‍ ഗുലാം നബി ആസാദിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ പ്രധാനമന്ത്രി വികാരാധീനനായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേക്കേറുമെന്ന അഭ്യൂഹം ശക്തമായത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ആസാദ് നേരത്തെ പല കാര്യങ്ങളില്‍ വിയോജിച്ചതും അഭ്യൂഹങ്ങള്‍ക്ക് കാരണമായി.