അമേരിക്കയിൽ നൂറോളം വാഹനം കൂട്ടിയിടിച്ചു; 6 മരണം

0
77

മഞ്ഞുകാറ്റിനെ തുടർന്ന്‌ അമേരിക്കയിലെ ടെക്സസിലെ ഫോർട്ട്‌വർത്തിൽ നൂറോളം വാഹനം കൂട്ടിയിടിച്ചു. അപകടത്തിൽ  6 പേർ മരിച്ചു. ശക്തമായ മഞ്ഞുകാറ്റിനെ തുടർന്നുണ്ടായ മഴയും ആലിപ്പഴ വീഴ്‌ചയും കാഴ്ച മറച്ചു. മഞ്ഞുറഞ്ഞ നിരത്തിൽ വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ട്‌‌ തെന്നിനീങ്ങിയതും അപകടകാരണമായി.

ട്രക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കൂട്ടിയിടിച്ചു കിടക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. പല വാഹനവും മറ്റുള്ളവയുടെ മുകളിലേക്ക്‌ ഇടിച്ചുകയറിയത്‌ രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നു. വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ്‌ പലരെയും പുറത്തെടുത്തത്‌. നിരവധിയാളുകൾക്ക്‌ ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഉയരാനിടയുണ്ട്‌.

മറ്റൊരു നഗരമായ ഓസ്റ്റിനിലും ഇരുപത്തഞ്ചിലധികം വാഹനം കൂട്ടിയിടിച്ചു. ഒരാൾക്ക്‌ പരിക്ക്‌‌. അമേരിക്കയുടെ പല ഭാഗത്തും ശക്തമായ മഞ്ഞുവീഴ്ചയുണ്ട്‌. 1.25 ലക്ഷത്തോളം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. കെന്റക്കി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജനങ്ങളോട്‌ പുറത്തിറങ്ങരുതെന്ന്‌ നിർദേശം നൽകി.