വിതുര പീഡന കേസിൽ ഒന്നാം പ്രതി സുരേഷ്‌ കുറ്റക്കാരൻ; ശിക്ഷ നാളെ

0
56

വിതുര പീഡന കേസിൽ ഒന്നാം പ്രതി സുരേഷ്‌ കുറ്റക്കാരനെന്ന്‌ കോട്ടയം അഡീഷണൽ ജില്ലാ കോടതി. ഇരുപത്തിനാല് കേസുകളിൽ ഒന്നിലാണ് ജില്ലാ കോടതി വിധി പറഞ്ഞത്. ശിക്ഷ നാളെ വിധിക്കും.

തട്ടിക്കൊണ്ടുപോകൽ, തടവിൽ പാർപ്പിക്കൽ, മറ്റുള്ളവർക്ക് പെൺകുട്ടിയെ കാഴ്ചവയ്ക്കൽ, വേശ്യാലയം നടത്തൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞു.എന്നാൽ ബലാത്സംഗം, പ്രേരണാക്കുറ്റം എന്നിവ കണ്ടെത്താനായില്ല.

1995 ലാണ് കേസിനാസ്പദമായ സംഭവം. വിതുര സ്വദേശിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മറ്റുള്ളവർക്ക് കാഴ്ചവച്ചതാണ് കേസ്. 20 പ്രതികളുള്ള കേസിൽ 14 പേരെ വെറുതെ വിട്ടിരുന്നു.

കൊല്ലം കടയ്‌ക്കൽ സ്വദേശിയാണ്‌ സുരേഷ്‌.കേസിൽ പിടിയിലായ ശേഷം ജാമ്യത്തിൽ മുങ്ങുകയായിരുന്നു. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഹൈദരാബാദിൽ നിന്ന്‌ 2019 ജൂണിലാണ്‌ ക്രൈംബ്രാഞ്ച് പിടികൂടിയത്. 21 കേസുകളിൽ സുരേഷിനെ കോട്ടയം അഡീഷണൽ സെഷൻസ് സ്പെഷ്യൽ കോടതി പിടികിട്ടാപുള്ളി ആയി പ്രഖ്യാപിച്ചിരുന്നു.