സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് വാക്സിനേഷൻ തുടങ്ങി

0
93

സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങി. പൊലീസ്, റവന്യൂ ജീവനക്കാര്‍ക്കാണ് രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വാക്‌സിന്‍ സ്വീകരിച്ചു. നാലു ദിവസം കൊണ്ടു പൊലീസുകാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് പൂര്‍ത്തിയാക്കുമെന്ന് ഡിജിപി പറഞ്ഞു.

ഒന്നാംഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയത്. രണ്ടാംഘട്ടത്തില്‍ പൊലീസ്, ഫയര്‍ഫോഴ്‌സ്, സേനാ വിഭാഗങ്ങള്‍, പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, റവന്യൂ ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. കഴിഞ്ഞ ദിവസം വരെ 78000 സേനാ വിഭാഗം ജീവനക്കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് എബ്രഹാം, ജില്ലാ കളക്ടര്‍ നവജ്യോത് ഖോസെ എന്നിവര്‍ വാക്‌സിന്‍ സ്വീകരിച്ചു. വാക്‌സിന്‍ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് കളക്ടര്‍ നവജ്യോത് ഖോസെ പറഞ്ഞു.

കൊവിഷീല്‍ഡ് വാക്‌സിനാണ് സംസ്ഥാനത്ത് നല്‍കുന്നത്. വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ആദ്യ രണ്ടു ദിവസങ്ങളില്‍ ചെറിയ ജലദോഷമുണ്ടാകും. വാക്‌സിന്‍ നല്‍കുന്നതിന്റെ മൂന്നാംഘട്ടം മാര്‍ച്ചില്‍ തുടങ്ങും. 50 വയസു കഴിഞ്ഞവര്‍ക്കാണ് മൂന്നാംഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.