ഭീമ കൊറഗാവ് : സാമൂഹികപ്രവർത്തകരുടെ പേരിലെ കേസുകൾ പിൻവലിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ

0
73

ഭീമ കൊറഗാവ് സംഭവത്തിൽ സാമൂഹികപ്രവർത്തകരുടെ പേരിൽ എടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. സാമൂഹികപ്രവർത്തകൻ റോണ വിൽസന്റെ കംപ്യൂട്ടറിൽ തെളിവുകൾ കൃത്രിമമായി കെട്ടിച്ചമച്ചുവെന്ന് രാജ്യാന്തരവിദഗ്ധർ കണ്ടെത്തി. ഈ സാഹചര്യത്തിൽ ഇതേക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് മഹാരാഷ്ട്ര സർക്കാരിനോട് പിബി ആവശ്യപ്പെട്ടു.

റോണ വിൽസൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഇ-മെയിൽ വഴി അദ്ദേഹത്തിന്റെ കപ്യൂട്ടറിൽ മാൽവെയ്ർ ഇൻസ്റ്റാൾ ചെയ്തുവെന്നും ഹാക്കിങ്ങിനു വഴിയൊരുക്കിയെന്നും അമേരിക്കയിലെ ഫൊറൻസിക് ലാബ് കണ്ടെത്തി. വിദഗ്ധർ ഇക്കാര്യം സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ അറസ്റ്റിനു രണ്ട് വർഷം മുമ്പാണ് ഇത്തരത്തിൽ മെയിലുകൾ അയച്ചത്. ‘ഗൂഢാലോചനയ്ക്ക്’ തെളിവായി എൻഐഎ അവകാശപ്പെട്ടത് ഈ മെയിലുകളാണ്. റോണ വിൽസൻ ഈ മെയിലുകളുടെ കാര്യം അറിഞ്ഞിട്ടില്ല.

ഭീമ കൊറഗാവ് കേസിൽ കംപ്യൂട്ടർ ഹാക്കിങ് വഴി മാരകമായ സാങ്കേതിക ആയുധമാണ് മോഡിസർക്കാർ ഉപയോഗിച്ചത്. ഭാവിയിൽ രാഷ്ട്രീയ എതിരാളികൾക്കുനേരെയും ഇതു പ്രയോഗിച്ചേക്കാം. പ്രാഥമിക അന്വേഷണത്തിൽ നടന്നതുപോലെ ഇക്കാര്യം മൂടിവയ്ക്കാൻ അനുവദിക്കരുതെന്നും വസ്തുത പുറത്തുവരണമെന്നും പിബി ആവശ്യപ്പെട്ടു.