ഗായകൻ എംഎസ് നസീം അന്തരിച്ചു

0
79

ഗായകന്‍ എംഎസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. നാടകങ്ങളിലും സിനിമകളിലുമായി നിരവധി ഗാനങ്ങള്‍ ആലപിച്ച ഗായകനാണ് എംഎസ് നസീം.

നാടകങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമാണ് എംഎസ് നസീം ശ്രദ്ധേയനായത്. പക്ഷാഘാതം സംഭവിച്ച് പത്ത് വര്‍ഷമായി ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. 1987 ഇൽ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.

അനുഗ്രഹീത ഗായകനും കലാസംഘാടകനുമായ ശ്രീ. എം. എസ് നസീമിൻ്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും തിരുവനന്തപുരത്തെ കലാസാംസ്കാരിക രംഗത്ത് അവിഭാജ്യ ഘടകമായിരുന്നു നസീം എന്നും സാംസ്കാരിക മന്ത്രി എകെ ബാലന്‍ പറഞ്ഞു.

സംഗീതവുമായി ബന്ധപ്പെട്ട ചരിത്രാന്വേഷണത്തിലും സംഗീതത്തെ അടിസ്ഥാനമാക്കിയ മികച്ച ടെലിവിഷൻ പരിപാടികൾ ഒരുക്കുന്നതിലും അസാധാരണ മികവ് കാട്ടിയിരുന്നു. പത്ത് വർഷത്തിലധികമായി പൊതുവേദികളിൽ എത്താൻ കഴിഞ്ഞിരുന്നില്ലെങ്കിലും കലയുമായി അദ്ദേഹം ഹൃദയബന്ധം പുലർത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.