കിഫ്ബി ധനസഹായത്താല്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച മലയോര ഹൈവെ മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

0
65

സാധ്യതകള്‍ക്ക് പുതിയ നിര്‍വചനം നല്‍കിയാണ് പോയ നാലുവര്‍ഷക്കാലത്തിലേറെയായി എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ ഓരോ പദ്ധകളുടെയും പൂര്‍ത്തീകരണം നടത്തിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ പ്രഖ്യാപിച്ച മലയോര ഹൈവെ നാളെ മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.

കിഫ്ബിയില്‍ നിന്ന് 237 കോടി രൂപ ചെലവ‍ഴിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ 65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നിര്‍മിച്ചിരിക്കുന്നത്. പയ്യന്നൂര്‍ മണ്ഡലത്തിലെ ചെറുപു‍ഴയില്‍ ആരംഭിച്ച് പേരാവൂര്‍ മണ്ഡലത്തിലെ വള്ളിത്തോട് വരെ നീളുന്നതാണ് നാഷണല്‍ ഹൈവേയുടെ അതേ നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച മലയോര ഹൈവെ.

ഉദ്ഘാടനം നാളെ വൈകുന്നേരം 4.30 ന് ചെറുപുഴയിൽ വച്ച് ബഹു. മുഖ്യമന്ത്രി ഓൺലൈനായി നിർവ്വഹിക്കും. 12 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിച്ചത്. 7 മീറ്റർ വീതിയിൽ റോഡ് ബി എം – ബി സി നിലവാരത്തിൽ ടാർ ചെയ്തു.

110 കലുങ്കുകളും 40 കിലോമീറ്റർ നീളത്തിൽ ഓവുചാലും, 20 കി.മീ നീളത്തിൽ ഷോൾഡർ കോൺ ക്രീറ്റ്, റോഡ് സുരക്ഷാ ബോർഡുകളും ഹാൻഡ് റെയിലുകളും നിർമ്മിക്കുകയും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

മലയോര മേഖലയുടെ മുഖച്ഛായ മാറുന്ന നിലയിലാണ് മലയോര ഹൈവേയുടെ നിർമ്മാണം പൂർത്തിയായിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിന് ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിക്കും.