ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫർണസ് ഓയിൽ കടലിലേക്കൊഴുകി

0
51

ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഫര്‍ണസ് ഓയില്‍ ഓട വഴി കടലിലേക്കൊഴുകി. വേളി മുതല്‍ പുതുക്കുറുച്ചി വരെ കടലില്‍ വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്.

ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് ലീക്കേജ് ഉണ്ടായത്. മീന്‍ പിടിക്കുകയായിരുന്ന മത്സ്യ തൊഴിലാളികലാണ് ഫര്‍ണസ് ഓയില്‍ കടലില്‍ വ്യാപിക്കുന്നത് കണ്ടത്. ഇവര്‍ ഉടന്‍ തന്നെ ടൈറ്റാനിയം അധികൃതരെ വിവരം അറിയിച്ചു. അവര്‍ നടത്തിയ പരിശോധനയിലാണ് പൈപ്പ് പൊട്ടിയതായി കണ്ടെത്തിയത്. ചോര്‍ച്ച അധികൃതര്‍ അടച്ചിട്ടുണ്ട്.

എന്നാല്‍ വലിയതോതില്‍ ഓയില്‍ കടലില്‍ വ്യാപിച്ചതായാണ് വിവരം. വേളി മുതല്‍ പുതുക്കുറുച്ചി വരെ വ്യാപിച്ചതായാണ് പ്രാഥമിക വിവരം.കടലിലേക്ക് എത്രത്തോളം എണ്ണ പടര്‍ന്നെന്നറിയാന്‍ കോസ്റ്റ്ഗാര്‍ഡ് പരിശോധന നടത്തുകയാണ്.

ലീക്കേജ് ഉണ്ടായ ഭാഗത്ത് നിന്നുളള മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വി.എസ്.ശിവകുമാർ എംഎല്‍എ ഉള്‍പ്പടെയുളളവര്‍ ലീക്കേജുണ്ടായ ഭാഗത്ത് പരിശോധന നടത്തിയിരുന്നു. വിഷം വ്യാപിച്ചതിനാല്‍ ഏകദേശം രണ്ടുമാസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി കടലില്‍ പോകാനാകില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. കടലില്‍ പോകാന്‍ സാധിച്ചില്ലെങ്കില്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയിലാകും. അതുകൊണ്ട് അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓയില്‍ ലീക്കേജുണ്ടായ സാഹചര്യത്തില്‍ വേളി, ശംഖുമുഖം കടല്‍തീരങ്ങളിലും കടലിലും പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.