‘വെള്ള’ത്തിന്റെ പൈറസി കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

0
107

‘വെള്ളം’ ചിത്രത്തിന്റെ വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ ഡൗണ്‍ലോഡ് ചെയ്തു പ്രചരിപ്പിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമിലൂടെ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിര്‍മാതാവ് രഞ്ജിത് മണമ്പറക്കാട്ട് നല്‍കിയ പരാതിയിലാണ് നടപടി.

ജയസൂര്യ നായകനായി  പ്രജേഷ് സെന്‍ സംവിധാനം  ചെയ്ത വെള്ളം മികച്ച പ്രേക്ഷകാഭിപ്രായത്തോടെ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ചിത്രം  യു ട്യൂബ്, ടെലിഗ്രാം തുടങ്ങിയ പല മാധ്യമങ്ങളിലൂടെ ചോര്‍ന്നത്. അനധികൃതമായി ചിത്രം ചോര്‍ത്തി പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ  ശനിയാഴ്ച (ഫെബ്രുവരി 6) കൊച്ചി കലൂരുള്ള ഒരു സ്ഥാപനത്തില്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തു പ്രദര്‍ശിപ്പിച്ചതായി കണ്ടെത്തി. ഇതിന്റെ വീഡിയോ സഹിതം എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ നിര്‍മാതാക്കള്‍ പരാതി നല്‍കി.

ഫ്രണ്ട്ലി പ്രോഡക്ഷന്‍സിന്റ ബംനറില്‍  ജോസ്‌ക്കുട്ടി മഠത്തില്‍, രഞ്ജിത് മണബ്രക്കാട്ട്, യദു  കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് വെള്ളം നിര്‍മിച്ചത്. കോവിഡില്‍ തകര്‍ന്ന സിനിമാ വ്യവസായം തിരികെ വരാന്‍ ഏറെ നഷ്ട്ടങ്ങള്‍ സഹിച്ചു തീയറ്ററില്‍ എത്തിച്ച ചിത്രമാണ് ‘വെള്ളം ‘. നിലവില്‍ 180 ലേറെ  തീയറ്ററുകളില്‍ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുമ്പോളാണ് ഇത്തരത്തില്‍ ഒരു തിരിച്ചടി നേരിടേണ്ടി വന്നത്. യുവാക്കളുടെ വലിയൊരു സംഘം ചിത്രങ്ങള്‍ ചോര്‍ത്തുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.