ഇരുപത്തഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്നു തുടക്കം

0
57

കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേള ബുധനാഴ്ച ആരംഭിക്കും. ചരിത്രത്തിലാദ്യമായി നാലിടങ്ങളിലായി നടക്കുന്നെന്ന പ്രത്യേകതയും ഇത്തവണത്തെ മേളയ്ക്കുണ്ട്. മുപ്പത് രാജ്യങ്ങളില്‍ നിന്നുള്ള 80 ചിത്രങ്ങളാണ് ഇത്തവണ പ്രേക്ഷകരിലെത്തുന്നത്.

മഹാമാരിയുടെ കെട്ടകാലത്ത് പ്രതീക്ഷ നല്‍കിയാണ് രാജ്യാന്തര ചലച്ചിത്രമേളക്ക് തിരശീല ഉയരുന്നത്. വൈകുന്നേരം ആറ് മണിക്ക് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര മേള പിന്നിട്ട രണ്ടര പതിറ്റാണ്ടിന്‍റെ പ്രതീകമായി 25 ദീപനാളങ്ങൾ തെളിയിച്ചുകൊണ്ടാണ് ചലച്ചിത്രോത്സവത്തിന് തുടക്കമാകുക. വിഖ്യാത ചലച്ചിത്രകാരന്‍ ഷീന്‍ ലുക് ഗോദാര്‍ദിന് വേണ്ടി അടൂര്‍ ഗോപാലകൃഷ്ണന്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം ഏറ്റുവാങ്ങും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ക്വോ വാഡിസ് ഐഡ പ്രദര്‍ശിപ്പിക്കും. ഉദ്ഘാടനച്ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കും റിസർവ് ചെയ്ത ഡെലിഗേറ്റുകൾക്കും മാത്രമാണ് പ്രവേശനം.

ആദ്യദിനത്തിൽ 4 മത്സര ചിത്രങ്ങളടക്കം 18 സിനിമകളാണ് പ്രേക്ഷകരിലെത്തുക. ഇറാനിയൻ സംവിധായകൻ ബെഹ്‌മൻ തവോസിയുടെ നെയിംസ് ഓഫ് ഫ്ലവേഴ്സാണ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ആദ്യ ചിത്രം. സിനിമ തുടങ്ങുന്നതിന് 24 മണിക്കൂര്‍ മുമ്പ് റിസര്‍വേഷന്‍ ആരംഭിക്കും. റിസര്‍വേഷന് ശേഷം സീറ്റ് നമ്പര്‍ എസ്എംഎസ് ആയി പ്രതിനിധികള്‍ക്ക് ലഭിക്കും. മേളയോട് അനുബന്ധിച്ച് ടാഗോര്‍ തീയറ്റര്‍ അണുവിമുക്തമാക്കിയിട്ടുണ്ട്. ഈ മാസം 17 മുതൽ 21 വരെ കൊച്ചിയിലും 23 മുതൽ 27 വരെ തലശ്ശേരിയിലുമായി നടക്കുന്ന ചലച്ചിത്രമേളയുടെ സമാപനം പാലക്കാട് വച്ചാണ്.