കോവിഡ് തോറ്റു, എം വി ജയരാജൻ രോഗമുക്തനായി, ഉടൻ ആശുപത്രി വിടും

0
86

കോവിഡ് ന്യുമോണിയ കാരണം അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ രോഗമുക്തനായി. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തിന്‌ രണ്ടോ മൂന്നോ ദിവസത്തിനകം ആശുപത്രി വിടാം. ഒരുമാസം കർശന ശ്രദ്ധയോടെ വീട്ടിൽ വിശ്രമിക്കേണ്ടിവരും. അടുത്ത ബന്ധുക്കൾ ഉൾപ്പെടെ സന്ദർശകരെ ആരെയും അനുവദിക്കില്ല.

ജനുവരി 18നാണ്‌ കോവിഡ് പോസിറ്റീവായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. 20ന്‌ ന്യുമോണിയ ലക്ഷണം കണ്ടതോടെ പരിയാരത്തേക്കു മാറ്റി. വിശദ പരിശോധനയിൽ ന്യുമോണിയ പിടിമുറുക്കിയായി കണ്ടെത്തി. ഒപ്പം, കടുത്ത പ്രമേഹവും രക്തസമ്മർദവും. ചികിത്സയ്‌ക്കായി പ്രിൻസിപ്പൽ ഡോ. കെ എം കുര്യാക്കോസ്‌ ചെയർമാനും മെഡിക്കൽ സൂപ്രണ്ട്‌ ഡോ. കെ സുദീപ്‌ കൺവീനറുമായി പ്രത്യേക മെഡിക്കൽ ബോർഡ്‌ രൂപീകരിച്ചു.

ന്യുമോണിയ കാരണം ശ്വാസകോശത്തിലെ രണ്ട് അറകളേയും 75 ശതമാനത്തോളം രോഗം ബാധിച്ചിരുന്നു. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഒപ്പം വലിയ പ്രതിസന്ധി സൃഷ്ടിച്ചതാണ്. രക്തത്തിൽ ഓക്‌സിജന്റെ അളവ് നന്നേ കുറഞ്ഞതിനാൽ ശ്വാസോച്ഛ്വാസം പോലും സി-പപ്പ് വെന്റിലേന്ററിന്റെ സഹായത്തോടെയായിരുന്നു ക്രമീകരിച്ചത്.

24ന്‌ അർധരാത്രിയോടെ ആരോഗ്യമന്ത്രി നേരിട്ടെത്തി മെഡിക്കൽ ബോർഡ്‌ യോഗം വിളിച്ചു. കോഴിക്കോട്ടുനിന്ന്‌ ക്രിട്ടിക്കൽ കെയർ വിദഗ്‌ധരായ ഡോ. എ എസ്‌ അനൂപ്‌കുമാറും ഡോ. പി ജി രാജുവുമെത്തി. കൂടാതെ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എസ്‌ എസ്‌ സന്തോഷ്‌കുമാറും ഡോ. അനിൽ സത്യദാസും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചെന്നൈയിലെ പ്രമുഖ ഇൻഫെക്‌ഷണൽ കൺട്രോൾ സ്‌പെഷ്യലിസ്‌റ്റ്‌ ഡോ. റാം സുബ്രഹ്മണ്യത്തിന്റെ ഉപദേശവും തേടി. അദ്ദേഹം നിർദേശിച്ച ഇഞ്ചക്‌ഷൻ മരുന്ന്‌ കോഴിക്കോടുനിന്ന്‌ എത്തിച്ചുനൽകി. 25ന്‌ വൈകിട്ടോടെ ആരോഗ്യനില മെച്ചപ്പെട്ടു. മൂത്രത്തിൽ പഴുപ്പുവന്നത്‌ ആശങ്കയായെങ്കിലും ഇപ്പോൾ അതും മാറി.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ എം കുര്യാക്കോസ് ചെയർമാനും മെഡിക്കൽ കോളേജ് ആശൂപത്രി സൂപ്രണ്ട് ഡോ. കെ സുദീപ് കൺവീനറും ഡോ. ഡി കെ മനോജ്, ഡോ. വിമൽ റോഹൻ, ഡോ. എസ്.എം സരിൻ, ഡോ. കെ സി രഞ്ജിത്ത് കുമാർ, ഡോ. എസ് എം അഷ്‌റഫ്, ഡോ. വി കെ പ്രമോദ് എന്നിവർ അംഗങ്ങളുമായ പ്രത്യേക മെഡിക്കൽ ബോർഡ് നേതൃത്വത്തിലാണ് അദ്ദേഹത്തിന്റെ ചികിത്സ നടത്തിയത്. കോവിഡ് ഐ സി യുവിലെ നേഴ്‌സുമാരുടെ സേവന സന്നദ്ധതയും അർപ്പണബോധവും പ്രത്യേക പ്രശംസ അർഹിക്കുന്നുവെന്നും മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ വകുപ്പ്‌ മന്ത്രി കെ കെ ശൈലജ ടീച്ചർ എന്നിവർ ഇന്നും മെഡിക്കൽ സൂപണ്ടുമായി ജയരാജന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച്‌ ചർച്ച നടത്തിയിരുന്നു.