ചൗരി ചൗര ശതാബ്ദി: ഗാന്ധിയെ വിസ്മരിച്ച് മോദിയുടെ പ്രസംഗം

0
69

ചൗരി ചൗര സംഭവത്തിന്റെ ശതാബ്ദി ആഘോഷത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കുറിച്ച് ഒന്നും മിണ്ടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. നൂറാം വാർഷിക ആഘോഷം ഡൽഹിയിൽനിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഗോരഖ്പൂരിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങുകൾ. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടിക്കാണ് യുപി സർക്കാർ രൂപം നൽകിയിട്ടുള്ളത്.

മഹാത്മാഗാന്ധിയുടെ സ്വാതന്ത്ര്യ സമര പോരാട്ടവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണ് ചൗരി ചൗര സംഭവം. ചൗരി ചൗരായിൽ 22 പൊലീസുകാർ വെന്തു മരിച്ചതിന് പിന്നാലെയാണ് ഗാന്ധി നിസ്സഹകരണ പ്രസ്ഥാനം നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ജാഥയ്ക്ക് നേരെ പൊലീസ് വെടിവച്ചതിനെ തുടർന്നാണ് ആളുകൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പൊലീസുകാരെ വകവരുത്തിയത്. ഗാന്ധിയെ അഹിംസാ സിദ്ധാന്തത്തിലേക്ക് നയിച്ചതിന് പിന്നിലും ഈ സംഭവത്തിന് നിർണായക സ്വാധീനമുണ്ട്.

‘ചൗരി ചൗരയിലെ രക്തസാക്ഷികൾ’ ചരിത്രത്തിൽ അവഗണിക്കപ്പെട്ടതായി പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.

“പൊലീസ് സ്‌റ്റേഷൻ കത്തിച്ച ഒരു സംഭവം എന്ന നിലയിൽ മാത്രമായാണ് ജനങ്ങൾ ഇതിനെ അറിയുന്നത്. യഥാർത്ഥത്തിൽ കർഷകരുടെ ഹൃദയത്തിൽ നിന്നാണ് ആ തീ പടർന്നത്. 19 പേരെയാണ് ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത്. ഇത്ര കൂടുതൽ പേർ ഒരൊറ്റ സംഭവത്തിന്റെ പേരിൽ തൂക്കിലേറ്റപ്പെടുന്നത് അപൂർവ്വമായിരുന്നു,” മോദി പറഞ്ഞു.

സ്വാതന്ത്ര്യ സമര സേനാനി ബാബാ രാഘവ് ദാസ്, ഹിന്ദു മഹാസഭാ സ്ഥാപകൻ മദൻ മോഹൻ മാളവ്യ എന്നിവരെ മോദി പ്രസംഗത്തിൽ എടുത്തു പറഞ്ഞു. ഇരുവരുടെയും പ്രവർത്തനങ്ങൾ നിരവധി പേരുടെ ജീവൻ രക്ഷിച്ചതായും മോദി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് വലിയ പ്രചോദനമായിരുന്നു ചൗരി ചൗര സംഭവം. ചരിത്രത്തിലെ പേജുകളിൽ അവർക്ക് പ്രധാന്യം നൽകിയിട്ടില്ലെങ്കിലും അവരുടെ രക്തം രാജ്യത്തിന്റെ മണ്ണിലാണ്. അത് നമ്മെ പ്രചോദിപ്പിക്കുന്നുവെന്നും മോദി പ്രസംഗിക്കുകയുണ്ടായി.