ഭിന്നശേഷി സഹായ ഉപകരണ നിർമ്മാണ കേന്ദ്രത്തിന് 3.11 കോടി രൂപ അനുവദിച്ചു

0
85

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ ഭിന്നശേഷി സഹായ ഉപകരണ നിർമ്മാണ കേന്ദ്രത്തിനും ഷോറൂമിന്റെ അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 3.11 കോടി രൂപയുടെ അനുമതി നൽകി. ആരോഗ്യ മന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.

വടക്കൻ ജില്ലകളിലെ ഭിന്നശേഷിക്കാർക്കായി കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ കണ്ണൂർ കൊളപ്പയിൽ ആരംഭിക്കുന്ന ഭിന്നശേഷി സഹായ ഉപകരണ നിർമ്മാണ പരിശീലന കേന്ദ്രത്തിന് 2.97 കോടി രൂപയുടേയും തിരുവനന്തപുരം ആസ്ഥാന മന്ദിരത്തിനോടനുബന്ധിച്ച് ആരംഭിക്കുന്ന ഷോറൂം കം എക്‌സ്പീരിയൻസ് സെന്ററിന്റെ നിർമ്മാണത്തിനായി മുമ്പ് നല്കിയ 2.3 കോടിക്ക് പുറമേ അധികമായി 14.72 ലക്ഷം രൂപയുടേയും ഭരണാനുമതിയാണ് നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.

വടക്കൻ മേഖലയിലെ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ ലഭ്യമാകുന്ന സർക്കാർ സംവിധാനം നിലവിലില്ലാത്ത സാഹചര്യത്തിലാണ് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് തുടങ്ങിയ ജില്ലകളിലെ ഭിന്നശേഷിക്കാർക്കായി സൗകര്യപ്രദമായ സ്ഥലത്ത് ഉപകരണ നിർമ്മാണ പരിശീലന യൂണിറ്റ് ആരംഭിക്കാൻ തീരുമാനിച്ചത്.

നിലവിൽ കോർപറേഷന്റെ കീഴിൽ തിരുവനന്തപുരത്താണ് ഭിന്നശേഷി സഹായ ഉപകരണ നിർമ്മാണ കേന്ദ്രമുള്ളത്. അത് നവീകരിക്കുന്നതിനും ആധുനികവത്ക്കരിക്കുന്നതിനുമായി 2 കോടിയുടെ ഭരണാനുമതി നേരത്തെ നൽകിയിരുന്നു.