ആലപ്പുഴ ബൈപ്പാസ് യു ഡി എഫ് സർക്കാർ നിർമ്മിച്ച ഭാഗത്ത് വിള്ളൽ, രണ്ടാഴ്ച്ച നിരീക്ഷണത്തിൽ

0
98

ആലപ്പുഴ ബൈപ്പാസിൽ യു ഡി എഫ് സർക്കാർ നിർമ്മിച്ച അടിപ്പാതയ്ക്കു മുകളിൽ വിള്ളൽ കണ്ടെത്തി. വിള്ളൽ ദേശീയപാത ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധിച്ചു.ബൈപാസിനു തകരാറില്ലെന്നാണു ഉന്നത ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച ഉച്ചയോടെ ആരംഭിച്ച പരിശോധന മൂന്നു മണിക്കൂറോളം നീണ്ടു. മാളികമുക്കിലെ അടിപ്പാതയ്ക്കു മുകളിലാണ് വിള്ളൽ കണ്ടത്.

ബൈപാസ് തുറക്കുന്നതിനു മുന്നോടിയായി ഭാര പരിശോധന നടത്തിയ ഉദ്യോഗസ്ഥർ തന്നെയാണ് പരിശോധനയ്ക്ക് എത്തിയത്.തിരുവനന്തപുരത്തുനിന്നെത്തിയ ചീഫ് എൻജിനീയർ എം.അശോക് കുമാർ, ആലപ്പുഴ എക്സിക്യൂട്ടിവ് എൻജിനീയർ ആർ.അനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

കോൺഗ്രസ്സ് സർക്കാർ അധികാരത്തിലിരുന്നപ്പോഴാണ് ഈ ഭാഗം നിർമ്മിച്ചത്. കഴിഞ്ഞ ദിവസം ഉദ്‌ഘാടനത്തിന് മുൻപ് പരിശോധന നടത്തിയപ്പോൾ ഈ വിള്ളലുകൾ കണ്ടെത്തിയിരുന്നില്ല. 2 പതിറ്റാണ്ട് മുൻപ് ബൈപാസിന്റെ ഒന്നാം ഘട്ടത്തിൽ നിർമിച്ച ഭാഗമാണിത്. നൂൽ പോലുള്ള വിള്ളൽ സമീപ ഭാഗങ്ങളിലും കണ്ടെത്തിയതോടെയാണ് ദേശീയപാത വിഭാഗം വിദഗ്ധ പരിശോധന നടത്തിയത്.