ഐഎഫ്എഫ്കെയിൽ ഇത്തവണ 80 ചിത്രങ്ങൾ പ്രദർശനത്തിന്

0
103

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ ഇത്തവണ പ്രദർശിപ്പിക്കുന്നത് 80 ചിത്രങ്ങൾ. ലോക സിനിമ വിഭാഗത്തിലാണ് ഏറ്റവുമധിക ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. നാല് മേഖലകളിലായി നടത്തുന്ന ചലച്ചിത്ര മേള ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് ആരംഭിക്കും.

കൊവിഡ് പ്രതിസന്ധിക്കിടയിൽ നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ പരമാവധി ചിത്രങ്ങൾ പ്രദർശിപ്പിക്കാനാണ് ചലച്ചിത്ര അക്കാദമിയുടെ തീരുമാനം. രാജ്യാന്തര മത്സര വിഭാഗം, ഇന്ത്യൻ സിനിമ, ഹോമേജ്, ലോകസിനിമ തുടങ്ങി എട്ടു വിഭാഗങ്ങളിലായി 80ഓളം ചിത്രങ്ങളാണ് നാലുമേഖലകളിലും പ്രദർശിപ്പിക്കുന്നത്. ലോക സിനിമ വിഭാഗത്തിലാണ് ഏറ്റവുമധികം ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. തോമസ് വിന്റർബെർഗിന്റെ ‘അനതർ റൗണ്ട് ‘, കിയോഷി കുറസോവയുടെ ‘വൈഫ് ഓഫ് എ സ്പൈ’, അഹമ്മദ് ബഹ്‌റാമിയുടെ ‘ദി വേസ്റ്റ് ലാൻഡ്’ തുടങ്ങിയ വിഖ്യാത ചിത്രങ്ങൾ ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തും. ഓരോ മേഖലയിലും ആറു തീയറ്ററുകളിലായിട്ടാണ് പ്രദർശനം.

ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് മേളയ്ക്ക് തിരിതെളിയും. തിരുവനന്തപുരത്ത് മുഖ്യവേദിയായ ടാഗോർ തിയേറ്ററിനു പുറമെ കൈരളി, ശ്രീ, നിള, കലാഭവൻ, നിശാഗന്ധി എന്നിവിടങ്ങളിലാണ് പ്രദർശനങ്ങൾ. തിരുവനന്തപുരത്തിനു പുറമേ എറണാകുളം, തലശ്ശേരി, പാലക്കാട് തുടങ്ങിയ മേഖലകളിലാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.