കർഷക പ്രതിഷേത്തിൽ നടപടികൾ കടുപ്പിച്ച് കേന്ദ്രസർക്കാർ. സമരകേന്ദ്രങ്ങൾ കൂടി ഉൾപ്പെടുന്ന ഡൽഹി എൻസിആർ മേഖലയിൽ രണ്ടാഴ്ചത്തേക്ക് കൂടി 47 കമ്പനി കേന്ദ്രസേന തുടരും. അതിർത്തി മേഖലകളിലെ സന്നാഹങ്ങൾ തുടരുമെന്ന് ഡൽഹി പൊലീസും വ്യക്തമാക്കി. കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട രണ്ട് അക്കൗണ്ടുകൾ കൂടി ട്വിറ്റർ മരവിപ്പിച്ചു. ഉത്തരാഖണ്ഡിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ നിരീക്ഷിക്കാനാണ് നീക്കം. അതേസമയം, സുരക്ഷാ സന്നാഹത്തിനായി വിട്ടുക്കൊടുത്ത 576 ഡിടിസി ബസുകൾ തിരിച്ചുവിളിക്കാൻ അരവിന്ദ് കേജ്‌രിവാൾ സർക്കാർ തീരുമാനിച്ചു.
സിംഗു, തിക്രി, ഗാസിപുർ സമരകേന്ദ്രങ്ങളിൽ അടക്കം വിന്യസിച്ചിരിക്കുന്ന കേന്ദ്രസേന രണ്ടാഴ്ചത്തേക്ക് കൂടി തുടരും. 31 കമ്പനി സിആർപിഎഫിനെയും, 16 കമ്പനി ദ്രുതകർമ സേനയെയുമാണ് ഡൽഹി എൻസിആർ മേഖലയിൽ നിയോഗിച്ചിരിക്കുന്നത്. കോൺക്രീറ്റ് ബാരിക്കേഡുകൾ അടക്കം ഡൽഹി പൊലീസിന്റെ സന്നാഹങ്ങളും തുടരും.