ആന്റിബയോട്ടിക് ഇൻജക്ഷൻ മരുന്നുകളും ഗ്ലൂക്കോസും നിർമിക്കാനുള്ള അത്യാധുനിക ജർമൻ യന്ത്രം കെഎസ്‌ഡിപിയിൽ എത്തിച്ചു. കൊച്ചിൻ പോർട്ടിൽനിന്ന് ബുധനാഴ്‌ച പുലർച്ചയോടെയാണ് ബ്ലോഫിൽ സീലിങ് യന്ത്രം എത്തിയത്.
കുറഞ്ഞ വിലയ്ക്ക് കുത്തിവെയ്‌പ്പ് മരുന്നുകൾ ലഭ്യമാക്കാനുള്ള പുതിയ പ്ലാന്റിലാവും ഇത് സ്ഥാപിക്കുക. പ്രവൃത്തി പൂർത്തിയാക്കിയ ശേഷമാവും പ്ലാന്റിന്റെ ഉദ്‌ഘാടനം . ഇന്നലെയെത്തിച്ച യന്ത്രത്തിന് 15 കോടിയാണ് ചെലവ്. പ്ലാന്റിന്റെ ആകെ മുതൽമുടക്ക് 50 കോടി വരും. മണിക്കൂറിൽ 2000 കുപ്പി മരുന്നുകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ളതോണ് ജർമൻ യന്ത്രം.
സംസ്ഥാനത്ത് കെഎസ്‌ഡിപിയിൽ മാത്രമാണ് കുത്തിവെയ്‌പ്പ് മരുന്നുകൾ ഉത്പ്പാദിപ്പിക്കുന്ന പ്ലാന്റ് സജ്ജമാകുന്നത്. മരുന്നുകളും ബോട്ടിലുകളും (പൊളിത്തീൻ കുപ്പി) നിർമിക്കുന്നതും മരുന്ന് നിറച്ച് ലേബൽ പതിക്കുന്നതും ഉൾപ്പടെ മുഴുവൻ പ്രവർത്തനവും പുതിയ യന്ത്രത്തിൽ ചെയ്യാം.
കെഎസ്ഡിപിയുടെ തന്നെ നോൺ ബീറ്റാലാക്ടം പ്ലാന്റിനോട് ചേർന്നു സ്ഥാപിക്കുന്ന ഈ പ്ലാന്റിൽ വർഷത്തിൽ ഏകദേശം 3.5 കോടി ആംപ്യൂളുകൾ, 1.30 കോടി വയൽസ്, 1.20 കോടി എൽ വി പി മരുന്നുകൾ, 88 ലക്ഷം തുള്ളിമരുന്നുകൾ( ഒഫ്താൽമിക്) തുടങ്ങിയവ ഉൽപ്പാദിപ്പിക്കാൻ കഴിയും.