Exclusive കെ സുരേന്ദ്രനെ തള്ളിയും മുന്നറിയിപ്പ് നൽകിയും ജെ പി നദ്ദ, ശോഭ സുരേന്ദ്രൻ ഉയർത്തിയ ആവശ്യങ്ങൾ ന്യായം

0
93

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ തള്ളി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ. വി മുരളീധരൻ- കെ സുരേന്ദ്രൻ അച്ചുതണ്ട് കൈക്കൊള്ളുന്ന തീരുമാനങ്ങൾ കേരളത്തിൽ ബിജെപിയെ നാശത്തിലേക്ക് നയിക്കുകയാണെന്ന് സംസ്ഥാന നേതൃയോഗത്തിൽ നദ്ദ തുറന്നടിച്ചു. അധികാരം കിട്ടാൻ ചില നേതാക്കൾ കളിക്കുന്ന ഗ്രൂപ്പിടപാട് വേണ്ടെന്നും അത് ഇവിടെയുള്ള ചില നേതാക്കളോട് വ്യക്തമായി പറയുകയാണെന്നും നദ്ദ തുറന്നടിച്ചു. ശോഭ സുരേന്ദ്രനെപോലെ ഒരു നേതാവിനെ എന്തിനാണ് ഒതുക്കുന്നതെന്ന് നദ്ദ യോഗത്തിൽ രൂക്ഷമായി ആരാഞ്ഞപ്പോൾ സുരേന്ദ്ര അടക്കമുള്ളവർ തല കുനിച്ചിരിക്കുകയായിരുന്നു.

ശോഭ സുരേന്ദ്രൻ ഉന്നയിച്ച ആവശ്യങ്ങൾ ന്യായമാണ്. എന്തിനാണ് മുതിർന്ന ഒരു നേതാവിനെ ഇങ്ങനെ ഒതുക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്താൽ ശോഭ പറഞ്ഞ പല കാര്യങ്ങളും സത്യമാണെന്ന് വ്യക്തമാക്കുന്നതാണ്. ഇത്തരത്തിൽ പെരുമാറാൻ എന്താണ് കാരണമെന്നും അദ്ദേഹം ആരാഞ്ഞു. കെ സുരേന്ദ്രനും വി മുരളീധരനുമെതിരെ നിരവധി പരാതിയുമായി ശോഭ സുരേന്ദ്രൻ കഴിഞ്ഞദിവസം ഡൽഹിയിൽ എത്തി കേന്ദ്രനേതാക്കളെ നേരിൽ കണ്ടിരുന്നു.

രണ്ടു വർഷത്തിലേറെയായി കെ സുരേന്ദ്രനുമായി ശോഭ അടക്കം മുതിർന്ന നിരവധി നേതാക്കൾ അകൽച്ചയിലാണ്. മാസങ്ങളോളമായി പ്രവർത്തനരംഗത്തുനിന്നും വിട്ടുനിൽക്കുന്ന ശോഭ സുരേന്ദ്രൻ രണ്ടാഴ്ച മുമ്പ് തൃശൂരിൽ രഹസ്യയോഗം വിളിച്ചുചേർത്തിരുന്നു. സംഗതി കൈവിട്ടുപോകുമെന്ന ഘട്ടം വന്നതോടെ ശോഭയെ അനുനയിപ്പിക്കാൻ ചില നേതാക്കൾ ശ്രമിച്ചിരുന്നു. എത്തും ഫലം കണ്ടില്ല.

ഇതിനുശേഷമാണ് ജെ പി നദ്ദയുടെ കേരളം സന്ദർശനം തീരുമാനിച്ചത്. തന്റെ സന്ദർശനത്തിന് മുമ്പ് പ്രശ്നം തീർത്തിരിക്കണം എന്നും നദ്ദ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് സംസ്ഥാന നേതൃത്വവുമായി കലഹിച്ചുനിൽക്കുന്ന ശോഭാ സുരേന്ദ്രൻ തൃശൂരിൽ ചേർന്ന ബിജെപി നേതൃയോഗത്തിനെത്തിയത്. ‘അഖിലേന്ത്യാ അധ്യക്ഷൻ പറഞ്ഞതിന് അപ്പുറത്തേക്കായി ഒന്നും പറയാനില്ല. ദേശീയ അധ്യക്ഷൻ പങ്കെടുക്കുന്ന ഒരു യോഗത്തിന് ഞാൻ വരുന്നു’ എന്ന്‌ മാത്രമാണ്‌ ശോഭ സുരേന്ദ്രൻ പ്രതികരിച്ചത്‌.

കൊച്ചിയിൽ ചേർന്ന കഴിഞ്ഞ സംസ്‌ഥാന തല യോഗത്തിലും ശോഭാ സുരേന്ദ്രൻ പങ്കെടുത്തിരുന്നില്ല.സുരേന്ദ്രന്റെ ഏകാധിപത്യ ശൈലിയിൽ പ്രതിഷേധിച്ച്‌ പ്രവർത്തനത്തിൽനിന്ന്‌ വിട്ടുനിൽക്കുകയായിരുന്നു വൈസ്‌പ്രസിഡന്റ്‌ ശോഭ സുരേന്ദ്രൻ. ശോഭ സുരേന്ദ്രൻ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ പാർടി പരിഗണിക്കണമെന്നും ഇരുവിഭാഗവും വിട്ടുവീഴ്‌ച ചെയ്യണമെന്നും കൃഷ്‌ണദാസ്‌ പക്ഷവും ജനറൽ സെക്രട്ടറിമാരിലൊരാളായ എം ടി രമേശും ആവശ്യപ്പെട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ നേതൃത്വത്തിലുള്ളവർ പ്രവർത്തിച്ചില്ലെന്നും ചിലർക്ക് ഈഗോയാണന്നുമായിരുന്നു കെ സുരേന്ദ്രന്റെ മറുപടി.