ഗ്രെറ്റ ത്യുൻബെർഗിനെതിരെ കേസെടുത്ത് ഡൽഹി പോലീസ്

0
127

കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരേ സമരംചെയ്യുന്ന സർഷകർക്ക് അനുഭാവം പ്രകടിപ്പിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുൻബെർഗിനെതിരെ കേസെടുത്ത് ഡൽഹി പോലീസ്. കർഷക സമരവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകളുടെ പേരിലാണ് ത്യുൻബെർഗിനെതിരെ കേസെടുത്തിരിക്കുന്നത്. മതത്തിന്റെ പേരിൽ ശത്രുത പരത്തുകയും ക്രിമിനൽ ഗൂഢാലോചന നടത്തുകയും ചെയ്തതിന്റെ പേരിലാണ് കേസ്.

കർഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ചൊവ്വാഴ്ച ഗ്രെറ്റ തുൻബെർഗും ട്വീറ്റ് ചെയ്തത്. ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ടുള്ളതായിരുന്നു അവരുടെ ട്വീറ്റ്. കർഷക സമരം നടക്കുന്ന സ്ഥലത്ത് ഇന്റർനെറ്റ് അടക്കമുള്ളവ വിച്ഛേദിച്ച സർക്കാർ നടപടിയെക്കുറിച്ചുള്ള സിഎൻഎൻ വാർത്തയും അവർ ട്വീറ്റിൽ ഉൾപ്പെടുത്തിയിരുന്നു.

പിന്നീട് വ്യാഴാഴ്ചയും ഗ്രെറ്റ കർഷക സമരവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തു. കർഷക സമരത്തെ പിന്തുണയ്ക്കാൻ സഹായകരമായ ടൂൾകിറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു ഇത്. കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരേയുള്ള ഡൽഹിയിലെ കർഷക സമരത്തിന് ആഗോളതലത്തിൽ ആളുകൾക്ക് എങ്ങനെയെല്ലാം പിന്തുണയേകാമെന്നും പ്രതിഷേധിക്കാമെന്നുമാണ് ടൂൾകിറ്റ് വീശദീകരിക്കുന്നത്. ഫെബ്രുവരി 13, 14 തിയതികളിൽ അടുത്തുള്ള ഇന്ത്യൻ എംബസി, മാധ്യമ സ്ഥാപനങ്ങൾ, പ്രാദേശിക സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രതിഷേധിക്കാനും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കാനും ഇതിൽ നിർദേശിക്കുന്നു.

കർഷകസമരത്തെ അനുകൂലിച്ച് ഗ്രെറ്റ ത്യുൻബെർഗ് അടക്കമുള്ളവർ രംഗത്തെത്തിയതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വിശദീകരണം നൽകിയിരുന്നു. ഇത്തരം വിഷയങ്ങളിൽ എന്തെങ്കിലും പറയുന്നതിനുമുമ്പ് വസ്തുതകൾ പരിശോധിക്കുകയും കാര്യങ്ങൾ മനസ്സിലാക്കുകയും വേണമെന്നും ഹാഷ്ടാഗുകളും അഭിപ്രായങ്ങളും പ്രശസ്തരുടെ ഭാഗത്തുനിന്ന് ഉണ്ടായത് നിരുത്തരവാദപരവുമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കൂടാതെ, കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ ‘ഇന്ത്യ ഒറ്റക്കെട്ട്’ എന്ന പേരിൽ പ്രചാരണവും ആരംഭിച്ചിരുന്നു.