പ്രശസ്‌ത ഇറാനിയൻ സംവിധായകൻ ഡാരിഷ്‌ മെർജുയിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ

ഏതാനും ദിവസം മുമ്പ് കത്തിയുടെ ചിത്രം പങ്കുവെച്ച് ഇരുവർക്കും വധഭീഷണി ഉയർന്നിരുന്നു.

0
1537

ടെഹ്‌റാൻ: പ്രശസ്‌ത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ഡാരിഷ്‌ മെർജുയിയെയും (83) ഭാര്യ വഹിദെ മുഹമ്മദീഫറിനെയും വെട്ടേറ്റുമരിച്ച നിലയിൽ കണ്ടെത്തി. ഡാരിഷ്‌ മെർജുയിയുടെ വസതിയിലാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതെന്ന് ജുഡീഷ്യറി ഉദ്യോഗസ്ഥനായ ഹൊസൈൻ ഫസെലിയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസി ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. അൽബ്രോസ് പ്രവിശ്യയിലെ സിബാദാസത്തിലുള്ള വീട്ടിൽ ഇരുവരെയും കഴുത്തിൽ മുറിവുകളോടെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. മെർജുയിയുടെയും വഹിദെ മുഹമ്മദീഫറിന്റെയും കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നതായി അന്വേഷണ ഏജൻസികളും വ്യക്തമാക്കി. സംഭവത്തിൽ അൽബ്രോസ് പ്രവിശ്യ പൊലീസ് അന്വേഷണം ആരംഭിച്ചു.

അജ്ഞാത അക്രമി വീട്ടിൽകയറി കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് 30 കിലോമീറ്റർ അകലെ അൽബ്രോസ് പ്രവിശ്യയിലെ സിബാദാസത്തിലാണ് ഡാരിഷ്‌ മെർജുയി താമസിക്കുന്നത്. ശനിയാഴ്ച രാത്രി പത്തരയോടെ വീട്ടിലെത്തിയ മകൾ മോണ മെർജുയി ആണ്‌ മൃതദേഹങ്ങൾ കണ്ടെത്തിയത്. ശനിയാഴ്ച അത്താഴവിരുന്നിനായി മകൾ മോണ മെർജുയിയെ ഡാരിഷ്‌ ക്ഷണിച്ചിരുന്നു. ഇതിനെത്തുടർന്ന് വീട്ടിലെത്തിയ മകൾ പലതവണ പിതാവിനെ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. പിന്നീട് തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് ഇരുവരും വെട്ടേറ്റ് കിടക്കുന്നതു കണ്ടത്. ഏതാനും ദിവസം മുമ്പ് ഇരുവർക്കും സമൂഹ മാധ്യമത്തിലൂടെ വധഭീഷണി ഉയർന്നിരുന്നു. കത്തിയുടെ ചിത്രം പങ്കുവെച്ചായിരുന്നു ഭീഷണി. ഭീഷണിയെക്കുറിച്ച് വഹിദെ മുഹമ്മദീഫർ പരാതിപ്പെട്ടിരുന്നുവെങ്കിലും അധികാരികൾ സമഗ്രമായി അന്വേഷിച്ചില്ലെന്ന്‌ റിപ്പോർട്ടിൽ പറയുന്നു.

ഇറാനിയൻ സിനിമയിലെ അതികായന്മാരിൽ ഒരാളാണ് ഡാരിഷ്‌ മെർജുയി. 1970 കളുടെ തുടക്കത്തിൽ ഇറാന്റെ നവ ചലച്ചിത്ര തരംഗത്തിന്റെ സഹസ്ഥാപകനായി അറിയപ്പെട്ടിരുന്ന സംവിധായകനാണ്‌ മെർജുയി.1998 ലെ ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്ന് സിൽവർ ഹ്യൂഗോയും 1993 ലെ സാൻ സെബാസ്റ്റ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ സീഷെലും ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്‌. ഹാമോൺ, ലൈല, ദ പീർ ട്രീ, ദ കൗ, ദ ടെനറ്റ്‌സ്‌, മ്യൂസിക്‌ മാൻ തുടങ്ങിയവയാണ്‌ പ്രധാന ചിത്രങ്ങൾ. 1960 കളുടെ തുടക്കത്തിൽ ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയില്‍ സിനിമ വിദ്യാര്‍ത്ഥിയായിരുന്നു ഇദ്ദേഹം. 2015ല്‍ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരം നൽകി ഡാരിഷ്‌ മെർജുയിയെ ആദരിച്ചിട്ടുണ്ട്. ഡാരിഷ്‌ മെർജുയിയുടെ എല്ലാ ചലച്ചിത്ര സംരംഭങ്ങൾക്കും അതിശക്തമായ പിന്തുണ നൽകിയിരുന്നത് ഭാര്യ വഹിദെ മുഹമ്മദീഫർ ആയിരുന്നു.

English Summary: Mehrjooi known as the cofounder of Iran’s film new wave in the early 1970s.