ബിജെപി-ജെജെപി സഖ്യത്തിൽ വിള്ളൽ; ഹരിയാന മുഖ്യമന്ത്രി രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്

0
103

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ചൊവ്വാഴ്ച തൻ്റെ സ്ഥാനം രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാനയിലെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി)-ജനനായക് ജനതാ പാർട്ടി (ജെജെപി) തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് രാജി.

തൻ്റെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരോടും രാജിവെക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ജെജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല സഖ്യം വിടാൻ തീരുമാനിച്ചതിനാൽ ഖട്ടറിന് പകരം ബിജെപി സംസ്ഥാന അധ്യക്ഷൻ നയാബ് സൈനിയോ കർണാൽ എംപി സഞ്ജയ് ഭാട്ടിയയോ എത്തിയേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഈ വർഷം ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖട്ടറിന്റെ രാജി. ഇരു പാർട്ടികളുടെയും നേതാക്കൾ പ്രത്യേകം എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. ഖട്ടർ തൻ്റെ വസതിയിൽ എല്ലാ ബിജെപി മന്ത്രിമാരുടെയും യോഗം ചേരുമെന്നും പ്രതീക്ഷിക്കുന്നു.

2019ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഹരിയാന നിയമസഭയിൽ ബിജെപിക്ക് ഭൂരിപക്ഷം സീറ്റുകൾ ലഭിക്കാതെ വന്നതോടെയാണ് ബിജെപിയും ജെജെപിയും ഒന്നിച്ചത്. 41 എംഎൽഎമാരുള്ള ബിജെപിക്ക് ആറ് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയുണ്ട്. ജെജെപിക്ക് 10 എംഎൽഎമാരും കോൺഗ്രസിന് 30 എംഎൽഎമാരുമാണ് സഭയിലുള്ളത്.