Saturday
13 June 2026
24.2 C
Kerala
HomeKeralaഉത്ര മോഡൽ കൊലപാതകശ്രമം; മകളെ ശല്യം ചെയ്യുന്നതിനെ ചോദ്യം ചെയ്ത അച്ഛനെ പാമ്പിനെ കൊണ്ട്‌ കടിപ്പിച്ച്‌...

ഉത്ര മോഡൽ കൊലപാതകശ്രമം; മകളെ ശല്യം ചെയ്യുന്നതിനെ ചോദ്യം ചെയ്ത അച്ഛനെ പാമ്പിനെ കൊണ്ട്‌ കടിപ്പിച്ച്‌ കൊല്ലാൻ നോക്കി, കിച്ചു മുൻപും വധശ്രമക്കേസിലെ പ്രതി

തിരുവനന്തപുരം കാട്ടാക്കടയില്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതി കിച്ചു ക്രിമിനല്‍ സ്വഭാവമുള്ളയാളെന്ന് പൊലീസ്. ഇയാള്‍ നേരത്തെയും വധശ്രമക്കേസിലെ പ്രതിയാണെന്നും കിച്ചു ലഹരിക്ക് അടിമയാണെന്നും പൊലീസ് പറഞ്ഞു. പ്രതിയ്ക്കായി കാട്ടാക്കട പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. രണ്ട് ദിവസത്തേയ്ക്കാണ് അപേക്ഷ നല്‍കുക. പാമ്പിനെ ലഭിച്ചതില്‍ കൂട്ടുപ്രതികളുണ്ടോയെന്നും കണ്ടെത്തും.

ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. മകളെ ശല്യം ചെയ്‌ത‌ത് ചോദ്യം ചെയ്‌ത അമ്പലത്തില്‍കാല സ്വദേശി രാജേന്ദ്രനെയാണ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. ജനലിലൂടെ രാജേന്ദ്രന്റെ മുറിയിലേക്ക് കിച്ചു പാമ്പിനെ ഏറിയുകയായിരുന്നു. സംഭവത്തെ കുറിച്ച് പരാതിപ്പെട്ടപ്പോള്‍ പൊലീസ് ആദ്യം വിശ്വസിച്ചില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആക്രമണ സംഭവം സത്യമാണെന്ന് മനസിലായതെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.

രാജേന്ദ്രന്റെ മകളെ പ്രതി പല തവണ ശല്യം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് രാജേന്ദ്രനെ കൊല്ലാന്‍ കിച്ചു ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. രാത്രി വീടിന്റെ സമീപത്ത് ശബ്ദം കേട്ട് ഉണര്‍ന്നപ്പോഴാണ് സംഭവം രാജേന്ദ്രന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ കിച്ചു പാമ്പിനെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നിട് സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കിച്ചുവിനെ പിടികൂടിയത്. കിച്ചുവിനെ ഇന്നലെ തന്നെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്‌തു.

പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചത് പ്രതി ഒറ്റയ്ക്കല്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛൻ രാജേന്ദ്രന്‍ പറയുന്നു. ഇയാള്‍ പ്രദേശത്തെ ചെറുപ്പക്കാരുടെ ഗുണ്ടാ സംഘമുണ്ടാക്കി കഞ്ചാവ് വില്‍പനയും അക്രമ പ്രവര്‍ത്തനങ്ങളും നടത്തുന്നയാളാണ്. ഈ സംഘം മകളെ പല തവണ ബൈക്കില്‍ പിന്നാലെ ചെന്ന് ശല്യം ചെയ്തിട്ടുണ്ട്. ഉത്രാ കൊലപാതകം കണ്ടാകാം പാമ്പിനെ കൊണ്ട് കൊലപ്പെടുത്താമെന്ന് പ്രതി തീരുമാനിച്ചത്. ജനലിലൂടെ തന്റെ ദേഹത്തേക്കാണ് കിച്ചു പാമ്പിനെ ഇട്ടത്.

RELATED ARTICLES

Most Popular

Recent Comments