ഡൽഹി മദ്യനയ അഴിമതിക്കേസിൽ മനീഷ് സിസോദിയയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മറ്റ് പ്രതികളുടേത് ഉൾപ്പെടെ 52.24 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സിസോദിയയുടേത് കൂടാതെ അമൻദീപ് സിംഗ് ദാൾ, രാജേഷ് ജോഷി, ഗൗതം മൽഹോത്ര, എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. മനീഷ് സിസോദിയയുടേയും ഭാര്യ സീമയുടേയും പേരിലുള്ള രണ്ട് വസ്തുവകളും ബാങ്ക് അക്കൗണ്ടിലുള്ള 11 ലക്ഷം രൂപയുമാണ് കണ്ടുകെട്ടിയത്.
സിസോദിയയട് വളരെ അടുപ്പം സൂക്ഷിച്ചിരുന്ന ദിനേഷ് അറോറ എന്ന ബിസിനസുകാരനെ അറസ്റ്റ് ചെയ്ത് ഒരു ദിവസത്തിന് പിന്നാലെയാണ് ഇ ഡിയുടെ നടപടി. കഴിഞ്ഞ ദിവസമാണ് ഇ ഡി കേസിൽ സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയത്. സിസോദിയയ്ക്ക് നിലവിൽ ജാമ്യത്തിന് അർഹതയില്ലെന്ന് ഹർജിയിൽ വിധി പറയവെ ജസ്റ്റിസ് ദിനേഷ് കുമാർ ശർമ്മ പറഞ്ഞു.
മനീഷ് സിസോദിയ വളരെ സ്വാധീനമുള്ള വ്യക്തിയാണ്. ജാമ്യത്തിൽ പുറത്തിറങ്ങിയാൽ അന്വേഷണത്തെ സ്വാധീനിക്കമെന്നും ചൂണ്ടിക്കാട്ടിയാണ് സിസോദിയയുടെ ജാമ്യാപേക്ഷയെ ഇഡി എതിർത്തത്. ഇതേ കേസിൽ സിസോദിയയ്ക്കൊപ്പം ആം ആദ്മി പാർട്ടിയുടെ മുൻ മീഡിയ ഇൻ ചാർജ് വിജയ് നായർ, ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായ സംരംഭകരായ അഭിഷേക് ബോയ്‌നാപ്പള്ളി, ബിനയ് ബാബു എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.
