Tuesday
16 June 2026
29.3 C
Kerala
HomeKeralaപതിമൂന്നുകാരിയെ അമ്മ 1500 രൂപയ്ക്ക് യുവാവിന് വിറ്റു; വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു

പതിമൂന്നുകാരിയെ അമ്മ 1500 രൂപയ്ക്ക് യുവാവിന് വിറ്റു; വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു

പതിമൂന്നുകാരിയായ മകളെ അമ്മ 1500 രൂപയ്ക്ക് യുവാവിന് വിറ്റു. കുട്ടിയെ യുവാവ് തിരുവനന്തപുരത്തെത്തിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. കാമുകിയുടെ കൂടി സഹായത്തോടെയാണ് യുവാവ് പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ യുവാവിനെയും പെൺസുഹൃത്തിനെയും കുഞ്ഞിനെ വിറ്റ അമ്മയെയും കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തു.

ട്രെയിനിൽവെച്ച് യുവാവ് തമിഴ്‌നാട് സ്വദേശിയായ സ്ത്രീയുമായി പരിചയപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇവരുടെ പതിമൂന്ന് വയസുള്ള മകളെ 1500 രൂപ നൽകി യുവാവ് ഏറ്റെടുത്തത്. തുടർന്ന് പെൺകുട്ടിയുമായി കാട്ടാക്കടയിലെത്തി ലോഡ്‌ജെടുത്ത ശേഷം ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.

ഇതിന് ശേഷം നെയ്യാർ ഡാമിലെ സ്വന്തം വീട്ടിലെത്തിച്ചും കാട്ടാക്കടയിലെ പെൺസുഹൃത്തിന്റെ വീട്ടിലെത്തിച്ചും യുവാവ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഈ വീട്ടിൽ കഴിഞ്ഞു വരുന്നതിനിടെ പെൺ സുഹൃത്തിന്റെ അമ്മയ്ക്ക് ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നുകയും കാട്ടാക്കട പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയെയും യുവാവിനെയും പെൺ സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടർന്ന് സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടിയെ 1500 രൂപയ്ക്ക് വാങ്ങിയതാണെന്ന വിവരം യുവാവ് അറിയിച്ചത്. ഇതോടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ അമ്മയെ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മൂന്നുപേരുടെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.

RELATED ARTICLES

Most Popular

Recent Comments