എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്കിൽ ഗണ്യമായ കുറവുണ്ടായതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കേരളത്തിൽ ശരാശരി പന്ത്രണ്ട് റോഡ് അപകടമരണങ്ങളാണ് ദിവസേന ഉണ്ടാകുന്നത് എന്നാൽ ക്യാമറ സ്ഥാപിച്ചതിനു ശേഷം 5 മുതൽ 8 വരെ മരണങ്ങളായി കുറഞ്ഞു. ക്യാമറകളുടെ പ്രവർത്തന അവലോകനത്തിനായി ചേർന്ന ഉന്നതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ 5 രാവിലെ 8 മണി മുതൽ ജൂൺ 8 രാത്രി 12 മണി വരെ 3,52,730 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
ഇതിൽ 80,743 എണ്ണം കെല്‍ട്രോണ്‍ വെരിഫൈ ചെയ്യുകയും 19,790 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും 10,457 ചെല്ലാനുകൾ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് അംഗീകരിച്ച് അയക്കുകയും ചെയ്തു. ഹെവി വാഹനങ്ങള്‍ക്ക് നിയമപ്രകാരം സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെങ്കിലും ഇപ്പോള്‍ അത്തരം നിയമലംഘനങ്ങള്‍ കണക്കിലെടുക്കുന്നില്ല. അതുകൊണ്ടാണ് വെരിഫൈ ചെയ്യുമ്പോൾ നിയമലംഘനങ്ങളിൽ എണ്ണം കുറയുന്നത്. എന്നാൽ സെപ്റ്റംബർ 1 മുതൽ കെഎസ്ആർടിസി ഉൾപ്പെടെ എല്ലാ ഹെവി വാഹനങ്ങളുടെയും ഡ്രൈവർമാര്‍ക്കും ഡ്രൈവറുടെ അതേ നിരയില്‍ ഇടതുവശത്തെ സീറ്റിലിരിക്കുന്നയാള്‍ക്കും സീറ്റ് ബെൽറ്റ് ധരിക്കണമെന്നത് നിർബന്ധമാക്കുമെന്ന് മന്ത്രി പറഞ്ഞു. കാറിലെ മുൻസിറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തതാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ 7,896. കാർ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തത് 4,993, ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചവർ 6,153, ഇരുചക്രവാഹനത്തിലെ സഹയാത്രികൻ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 715, ഇരുചക്ര വാഹനത്തിലെ ട്രിപ്പിൾ റൈഡ് 6, മൊബൈൽ ഫോൺ ഉപയോഗം 25, അമിതവേഗത 2 എന്നിവയാണ് ഈ ദിവസങ്ങളിൽ കണ്ടെത്തിയ നിയമലംഘനങ്ങൾ.
56 സർക്കാർ വാഹനങ്ങളും വിഐപി വാഹനങ്ങളും ഇക്കാലയളവിൽ നിയമലംഘനം നടത്തിയതായി കണ്ടെത്തിയെന്നും ഇവയില്‍ 10 എണ്ണത്തിന് ചെല്ലാന്‍ അയച്ചെന്നും ബാക്കി എല്ലാവർക്കും ഉടന്‍ ചെല്ലാൻ അയക്കുമെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് പൊതു ജനങ്ങൾ സഹകരിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ വാഹനം ഓടിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ക്യാമറ പകര്‍ത്തിയ നിയമലംഘനങ്ങൾ വെരിഫൈ ചെയ്യുന്നത് വേഗത്തിലാക്കുവാൻ കെൽട്രോണിനോടും ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ മൾട്ടിപ്പിൾ ലോഗിൻ സൗകര്യം ഒരുക്കി സംവിധാനം വേഗത്തിലാക്കാൻ നാഷണൽ ഇൻഫർമാറ്റിക് സെന്ററിനോടും നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പുതിയ സംവിധാനം ആയതുകൊണ്ട് ഉണ്ടാകാവുന്ന തടസ്സങ്ങൾ വേഗത്തിൽ പരിഹരിക്കാനുള്ള നടപടികൾ തുടങ്ങിയെന്നും കൃത്യമായ ഇടവേളകളിൽ റിവ്യൂ നടത്തി തടസ്സങ്ങൾ പരിഹരിച്ച് പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഉന്നതതല യോഗത്തില്‍ അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍, കെല്‍ട്രോണ്‍ സി.എം.ഡി. നാരായണ മൂര്‍ത്തി, എന്‍.ഐ.സി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബീര്‍ എഡ്.വിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.