Tuesday
16 June 2026
29.3 C
Kerala
HomeKeralaസംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. ശക്തമായ മഴ കണക്കിലെടുത്ത് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച നാലു ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതുപോലെ ഞായറാഴ്ച ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. തെക്കു പടിഞ്ഞാറൻ കാലവർഷം രണ്ടോ മൂന്നോ ദിവസത്തിനകം കന്യാകുമാരിയിലും മാലി ദ്വീപിലും പ്രവേശിക്കുമെന്നും നിലവിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്കൻ, കിഴക്ക് മധ്യ ഭാഗങ്ങളിലും കാലവർഷം എത്തിക്കഴിഞ്ഞുവെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. കാലവർഷത്തിനു മുന്നോടിയായി വരും ദിവസങ്ങളിൽ മഴ തുടരാനാണ് സാധ്യതയെന്നും മുന്നറിയിപ്പിലുണ്ട്.

ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങലും പുറപ്പെടുവിച്ചിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കും. അതുകൊണ്ടുതന്നെ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും വേണം.

ഈ സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികൾ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ ഇരിക്കുക പുറത്തിറങ്ങരുത്. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും ചെയ്യണം എന്നിങ്ങനെ നിരവധി നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments