‘ സന്തോഷ് പണ്ഡിറ്റ് ഉരുക്കൊന്നുമല്ല, പാവമാണ് ‘ ; ഉരുക്ക് സതീശന്റെ വിശേഷങ്ങളുമായി സന്തോഷ് പണ്ഡിറ്റ്

ഈ സിനിമ കാണുമ്പോള്‍ എന്റെ കഷ്ടപ്പാട് നിങ്ങള്‍ക്ക് മനസ്സിലാവണം എന്നില്ല. അന്ന് കൂടിയ തടി, വയര്‍ എന്നിവ ഞാന്‍ പിന്നീട് 3 മാസം കഷ്ടപ്പെട്ട് ഡയറ്റ് ചെയ്ത് 62 കിലോ ആക്കി മാറ്റി.

0
489

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് സന്തോഷ് പണ്ഡിറ്റ്. മലയാള സിനിമയിൽ പുതുവഴി വെട്ടി നടന്നയാൾ. സിനിമയിലെ ഒറ്റയാൾ പേരാളി എന്നാണ് സന്തോഷ് പണ്ഡിറ്റ് സ്വയം വിശേഷിപ്പിക്കാറുള്ളത്. അഭിനയം, കഥ, തിരക്കഥ, സംഗീതം, സംഭാഷണം, സംവിധാനം, നിർമ്മാണം എന്നിങ്ങനെ എല്ലാം സ്വന്തമായി ചെയ്ത് സിനിമയെടുക്കുന്ന ആളാണ് അദ്ദേഹം. സമൂഹ മാധ്യമങ്ങളിൽ അടക്കം ഏറ്റവും കൂടുതൽ വിമർശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്ന സിനിമാക്കാരൻ കൂടിയാണ് സന്തോഷ് പണ്ഡിറ്റ്. എന്നാൽ ഇതൊന്നും കാര്യമാക്കാതെ സ്വന്തം സിനിമകളുമായി മുന്നോട്ട് പോവുകയാണ് സന്തോഷ്. മുഖ്യധാര സിനിമകളുടെ ഭാഗമായിട്ട് അല്ലെങ്കിലും ഒരു അരികിലൂടെ സന്തോഷ് പണ്ഡിറ്റും വഴി നടക്കുന്നുണ്ട്. എല്ലാ വിഷയങ്ങളിലും കൃത്യമായ നിലപാടുള്ള വ്യക്തി കൂടിയാണ് സന്തോഷ് പണ്ഡിറ്റ്. സമൂഹിക വിഷയങ്ങളിൽ ഒക്കെ തന്റെ നിലപാടുകൾ കൃത്യമായി അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്യാറുണ്ട്. ആദ്യമൊക്കെ പരിഹാസങ്ങളാണ് കിട്ടിയതെങ്കിലും പിന്നീട് താരത്തിന് വലിയ സ്വീകരണം ലഭിച്ചു.

ഇപ്പോഴിതാ തന്റെ ഉരുക്ക് സതീശന്‍ എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. അഞ്ച് ലക്ഷം രൂപ കൊണ്ട് നിര്‍മ്മിച്ച സിനിമയുടെ ചിത്രീകരണത്തെ കുറിച്ചും അതിന് വേണ്ടി നടത്തിയ ത്യാഗങ്ങളെ പറ്റിയുമൊക്കെ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് താരം വ്യക്തമാക്കുന്നത്. അദ്ദേഹം പങ്കുവച്ച കുറിപ്പ് ഇങ്ങനെ ആയിരുന്നു. കേരളം, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ വച്ച് ഷൂട്ട് ചെയ്ത സിനിമയാണ് ഉരുക്ക് സതീശന്‍. നൂറിലധികം പുതുമുഖങ്ങളെ അണിനിരത്തി 5 ലക്ഷം രൂപ ബജറ്റ് കൊണ്ട് 8 പാട്ടും നിരവധി സംഘട്ടനങ്ങളും ഉള്‍പ്പെടുത്തി ഞാന്‍ വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് ഇത്. വിശാല്‍ എന്ന കഥാപാത്രം ചെയ്യുവാന്‍ 62 കിലോ ആയിരുന്ന ശരീരഭാരം കുറച്ച് 57 ല്‍ എത്തിച്ചു. ആ ഭാഗം പൂര്‍ത്തിയാക്കി. പിന്നീട് 4 മാസം ബ്രേക്ക് എടുത്ത് കുറേ ഭക്ഷണം ഒക്കെ വെട്ടിവിഴുങ്ങി 74 കിലോ ആക്കി മുടിയെല്ലാം മൊട്ട അടിച്ചാണ് ഉരുക്ക് സതീശന്‍ എന്ന കഥാപാത്രം ചെയ്തത്.”ആ ഷൂട്ടിംഗിന് ഇടയില്‍ മറ്റൊരു ചിത്രം അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ സ്വന്തം സിനിമ നിര്‍ത്തി അതില്‍ പോയി മുടി വളര്‍ത്തി അഭിനയിച്ചു. ആ സിനിമ പൂര്‍ത്തിയാക്കി സ്വന്തം സിനിമ വീണ്ടും തുടങ്ങി.

അങ്ങനെ വീണ്ടും മൊട്ടയടിച്ച് ഉരുക്ക് സതീശന്‍ കഥാപാത്രം തീര്‍ത്തു. എഡിറ്റിംഗ് തുടങ്ങിയപ്പോള്‍ ഒരു സീന്‍ കൂടി ഉള്‍പ്പെടുത്തേണ്ട ആവശ്യം തോന്നി. അങ്ങനെ മൂന്നാം തവണയും മുടി മൊട്ട അടിച്ച് ഷൂട്ട് ചെയ്തു . ഈ സിനിമ കാണുമ്പോള്‍ എന്റെ കഷ്ടപ്പാട് നിങ്ങള്‍ക്ക് മനസ്സിലാവണം എന്നില്ല. അന്ന് കൂടിയ തടി, വയര്‍ എന്നിവ ഞാന്‍ പിന്നീട് 3 മാസം കഷ്ടപ്പെട്ട് ഡയറ്റ് ചെയ്ത് 62 കിലോ ആക്കി മാറ്റി. സിനിമ കാണാത്തവര്‍ യുട്യൂബിലൂടെ കഴിഞ്ഞ ദിവസം അപ്‌ലോഡ് ആയ ഫുള്‍ മൂവി കണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക. സന്തോഷ് പണ്ഡിറ്റ് ഉരുക്കൊന്നുമല്ല, പാവമാണ്’, എന്നും കൂടി ചേര്‍ത്താണ് സന്തോഷ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. അതേ സമയം സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കണ്ട നൂറ് കണക്കിന് ആളുകളാണ് ഇതേ പറ്റി സംസാരിച്ച് കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘ഈ പടമെക്കെ തീയറ്ററില്‍ ഓടിയില്ലെന്നു പറയുമ്പോള്‍ വിഷമം ഉണ്ട്. എന്ത് നല്ല മൂവി, ഞാന്‍ രണ്ട് പ്രാവിശ്യം കണ്ടു’, എന്നാണ് ഒരു ആരാധകന്‍ കമന്റിട്ടിരിക്കുന്നത്. എന്നാല്‍ ഈ സിനിമ മുന്‍പ് തിയേറ്ററില്‍ റിലീസ് ചെയ്തിരുന്നുവെന്നും ഇത് തിയേറ്ററില്‍ ആവറേജ് ഹിറ്റ് ആയിരുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് മറുപടിയായി പറയുന്നുണ്ട്. എന്തായാലും മൊട്ട സതീശന്റെ വിശേഷങ്ങൾ പങ്കുവെച്ച് സന്തോഷ് പണ്ഡിത്ത് എത്തിയതോടെ നിരവധി ആരാധകരാണ് പരിഹസിച്ചു പ്രശംസിച്ചും രം​ഗത്ത് വന്നത്.