കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിന്റെ കൊലപാതകം; ഒരാളെ അറസ്റ്റു ചെയ്തതായി റിപ്പോർട്ട്

0
45

കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തതായി റിപ്പോർട്ട്. ഹരിയാനയിലെ ബഹാദൂർഗഢ് സ്വദേശിയെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരും മറ്റ് വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളിൽ നിന്ന് ഹിമാനിയുടെ മൊബൈൽഫോണും ആഭരണങ്ങളും കണ്ടെത്തിയതായും റിപ്പോർട്ടിലൂണ്ട്.

ഞായറാഴ്ചയോടെയാണ് ഹിമാനി നർവാളിന്റെ മൃതദേഹം സ്യൂട്ട്കേസിലാക്കി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. കഴുത്തിൽ ഷാൾ കൊണ്ട് മുറുക്കിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. വേറെ എവിടെയോ നിന്ന് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം.

റോഹ്‌തക്കിലെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റായിരുന്നു ഹിമാനി. 2023ൽ ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം ഹിമാനി പങ്കെടുത്തിരുന്നു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കെടുത്തു.ഹിമാനിയുടെ പെട്ടെന്നുള്ള വളർച്ചയും മുതിർന്ന നേതാക്കളുമായുള്ള അടുപ്പവും പാർട്ടിയിലെ മറ്റുള്ളവർക്കിടയിൽ വൈരാഗ്യത്തിന് കാരണമായെന്നാണ് ഹിമാനിയുടെ അമ്മ സവിത ഇന്നലെ പ്രതികരിച്ചത്. ഹരിയാനയിൽ ഏറെ സ്വാധീനമുള്ള ഹൂഡ കുടുംബവുമായുള്ള അടുപ്പവും രാഹുൽ ഗാന്ധിക്കൊപ്പം ജോഡോ യാത്രയിൽ പങ്കെടുത്തതും പലരിലും അമർഷത്തിന് കാരണമായിയെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് അവർ ആരോപിക്കുന്നത്.