ജമ്മു കശ്മീർ തിരഞ്ഞെടുപ്പ്; എൻസി മുന്നോട്ടുവച്ച തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി

0
134

ജമ്മു കശ്മീർ തിരഞ്ഞെടുപ്പിലെ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് (എൻസി) സഖ്യ തീരുമാനത്തിനെതിരെ ബിജെപി രാജ്യവ്യാപകമായി പ്രചാരണം നടത്തും. ബിജെപി നേതാക്കൾ ഇന്ന് രാജ്യവ്യാപകമായി വാർത്താസമ്മേളനം നടത്തും. എൻസി മുന്നോട്ടുവച്ച തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിന് സ്വയംഭരണാവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ പുനഃസ്ഥാപിക്കുമെന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ വാഗ്ദാനത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. എന്‍സി മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങളില്‍ ദളിത്, ഗുജ്ജാര്‍, പഹാഡി വിഭാഗങ്ങളുടെ സംവരണം ഇല്ലാതാക്കുമെന്നും ബിജെപി പറയുന്നു. ജമ്മു കശ്മീരിലെ ശങ്കരാചാര്യ ഹില്‍’ ‘തഖ്ത്-ഇ-സുലൈമാന്‍’ എന്നും ‘ഹരി ഹില്‍’ ‘കോ-ഇ-മാരന്‍’ എന്നും അറിയപ്പെടുന്നതില്‍ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെടും.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിനാണ് എന്‍സി-കോണ്‍ഗ്രസ് സഖ്യം പ്രധാന പരിഗണന നല്‍കുകയെന്ന് ഫറൂഖ് അബ്ദുള്ള പ്രഖ്യാപിച്ചിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യമുണ്ടായതെന്നത് ഏറെ ശ്രദ്ധേയമാണ്. 2008ലാണ് ഇരുപാര്‍ട്ടികളും അവസാനമായി ഒരുമിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അന്ന് സഖ്യത്തിന് പിഡിപിയ്ക്കെതിരെ വിജയം നേടാനും ഒമര്‍ അബ്ദുള്ളയ്ക്ക് കശ്മീരിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാകാനും സാധിച്ചിരുന്നു. ഇരുപാര്‍ട്ടികളും 2009ലും 2014ലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ചിരുന്നു.