ലൈഫ് മിഷന്‍ ; ഉയരുന്ന ആരോപണങ്ങളിലെ വസ്തുതയും കോണ്‍ഗ്രസിന്‍റെ ഇരട്ടത്താപ്പും 

0
55

ഭവനരഹിതര്‍ക്ക് അടച്ചുറപ്പുള്ള ഭവനം നല്‍കാനുള്ള പദ്ധതിയായാണ് ലൈഫ് മിഷന്‍  സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയെ അഴിമതിയുടെയും സംശയത്തിന്‍റെയും നിഴലില്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ലൈഫ് മിഷനില്‍ നിങ്ങള്‍ അറിയേണ്ട ചില യാഥാര്‍ത്ഥ്യങ്ങള്‍. 

വടക്കാഞ്ചേരിയിലെ ഭവനസമുച്ചയ പദ്ധതി നിര്‍മ്മിച്ചു നല്‍കാന്‍ യു.എ. ഇ റെഡ്ക്രസന്‍റ് മുന്നോട്ടുവരികയും അവര്‍ നേരിട്ട് യൂണിടാക്ക് ബില്‍ഡേഴ്‌സിന് കോണ്‍ട്രാക്ട് നല്‍കിയുമാണ് നിര്‍മ്മാണം നടത്തിയത്. നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായപ്പോഴാണ് യു.എ.ഇ കോണ്‍സുലേറ്റിലെ ചില ജീവനക്കാരും മുന്‍ ജീവനക്കാരും ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസ് കസ്റ്റംസ് പ്രിവന്‍റീവ് എടുത്തത്.  റെഡ്ക്രസന്‍റിന്‍റെ കോണ്‍ട്രാക്ടറായ യൂണിടാക് ബില്‍ഡേഴ്‌സ് കോണ്‍സുലേറ്റുമായി ബന്ധമുണ്ടായിരുന്ന ചിലര്‍ക്ക് ഒരു നിശ്ചിത തുക നല്‍കിയതായാണ് ആരോപണമുയര്‍ന്നത്. ഇതുമായി ലൈഫ് മിഷനോ അതിന്‍റെ ഉദ്യോഗസ്ഥര്‍ക്കോ ഒരു ബന്ധവുമില്ല. എന്നിട്ടും ലൈഫ് മിഷന്‍ അനുമതിയില്ലാതെ വിദേശ സംഭാവന സ്വീകരിച്ചുവെന്ന ആരോപണമുയര്‍ത്തിയാണ് അന്നത്തെ വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കര സി.ബി.ഐക്ക് പരാതി നല്‍കിയത്. പരാതി കിട്ടിയ ഉടന്‍ സാധാരണ നടപടി ക്രമമായ പ്രാഥമികാന്വേഷണം പോലും നടത്താതെ സി.ബി.ഐ ലൈഫ് മിഷനിലെ പബ്ലിക് സെര്‍വന്‍റ്സിനെക്കൂടി ചേര്‍ത്തുകൊണ്ട് എഫ്.ഐ.ആര്‍ ഇടുകയും ചെയ്തു.

കോണ്‍ട്രാക്ടറായ യൂണിടാക്കും എഫ്.ഐ.ആറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ലൈഫ് മിഷന്‍ ഹൈക്കോടതിയെ സമീപിക്കുകയും ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി എഫ്.ഐ.ആര്‍ സ്റ്റേ ചെയ്യുകയും ചെയ്തു.  ലൈഫ് മിഷന്‍ ഒരു ചില്ലിക്കാശ് വിദേശസഹായം സ്വീകരിച്ചിട്ടില്ലായെന്ന വ്യക്തമായ നിലപാടാണ് ഹൈക്കോടതി മുമ്പാകെ എടുത്തത്. ഹൈക്കോടതി ബഞ്ച് വിധി പ്രസ്താവിച്ചപ്പോള്‍ രാഷ്ട്രീയ നേതൃത്വത്തെ ഇതില്‍ ഒരു കാരണവശാലും ബന്ധിപ്പിക്കാന്‍ കഴിയില്ലെന്ന് അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. 

എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ലൈഫ് മിഷന്റെ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിനു പുറമെ അഴിമതി നിരോധനനിയമ പ്രകാരം സംസ്ഥാന വിജിലന്‍സ് ആന്റ് ആന്റി കറപ്ഷനും കേസ്സെടുത്തിട്ടുണ്ട്. ഏതെങ്കിലും പൊതുസേവകന് ഈ ഇടപാടില്‍ പങ്കുണ്ടോ എന്ന അന്വേഷണം വിജിലന്‍സ് നടത്തിവരികയുമാണ്. ബന്ധപ്പെട്ടവരുടെ മൊഴികള്‍ വിജിലന്‍സ് രേഖപ്പെടുത്തിയിട്ടുമുണ്ട്. കേന്ദ്ര ഏജന്‍സികള്‍ക്കു മുമ്പാകെയുള്ള ഒരു വിവരവും വിജിലന്‍സ് അന്വേഷണത്തെ സഹായിക്കാനായി പങ്കുവയ്ക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. ആ ബുദ്ധിമുട്ടുകള്‍ വിജിലന്‍സ് നേരിടുന്നുണ്ട്. അന്വേഷണം നടന്നുവരികയാണ്.

മേല്‍പ്പറഞ്ഞ രണ്ടു കേസുകളെയും പ്രഡിക്കേറ്റ് ഒഫന്‍സുകളായി എടുത്തുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിവരുന്നതായാണ് മനസ്സിലാക്കുന്നത്. യു.എ.ഇ റെഡ്ക്രസന്റ് അവരുടെ കോണ്‍ട്രാക്ടര്‍ മുഖേന നടപ്പാക്കിയ പദ്ധതിയില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഏത് എജന്‍സിയും എന്തുതരം നിയമപരമായ അന്വേഷണം നടത്തുന്നതിനോടും എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പക്ഷെ വിദേശസംഭാവന സ്വീകരിക്കാത്ത, നിര്‍മ്മാണവുമായി ബന്ധമില്ലാത്ത ലൈഫ് മിഷനെ അന്യായമായി കേസില്‍പ്പെടുത്താനുള്ള നിയമപരമല്ലാത്ത നടപടികള്‍ക്കെതിരെയാണ് ലൈഫ് മിഷന്‍ കോടതിയെ സമീപിച്ചത്. ലൈഫ് മിഷന്‍ കോഴ ഇടപാട് എന്ന ആരോപണം തന്നെ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ പരത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതുമാണ്.

ലൈഫ് മിഷനിലെ ഒരു ഉദ്യോഗസ്ഥനും കോഴ വാങ്ങിയതായി ഒരു ആരോപണവും ആരും ഉയര്‍ത്തിയിട്ടില്ല.  ലൈഫ് മിഷന്‍ പ്രോജക്ടുകളില്‍ എന്തെങ്കിലും അഴിമതിയുണ്ടായതായി ആരോപണമില്ല. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്റെ നിര്‍മ്മാണ നിബന്ധനകള്‍ക്ക് അനുസൃതമായി സര്‍ക്കാര്‍ ഭൂമിയില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് അവരുടെ ചിലവില്‍ വീട് വെച്ചുനല്‍കാമെന്ന് റെഡ്ക്രസന്റ് വാഗ്ദാനം ചെയ്തപ്പോള്‍ അത് സ്വീകരിക്കുക മാത്രമേ ലൈഫ് മിഷന്‍ ചെയ്തിട്ടുള്ളൂ. റെഡ്ക്രസന്റും കോണ്‍ട്രാക്ടര്‍മാരുമായുള്ള ഇടപാടുകളില്‍ എന്തെങ്കിലും ക്രമക്കേട് ഉണ്ടെങ്കില്‍ അതിന് ലൈഫ് മിഷനോ സംസ്ഥാന സര്‍ക്കാരോ ഒരു വിധത്തിലും ഉത്തരവാദികളാകുന്നില്ല. എന്നിരിക്കിലും ഏതെങ്കിലും പൊതുസേവകന്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത്തരം കാര്യങ്ങള്‍ അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്.

അനാവശ്യ ആരാപണങ്ങള്‍ വീണ്ടും വീണ്ടും ഉന്നയിച്ചുകൊണ്ട് ഇതിനകം മൂന്നുലക്ഷത്തി ഇരുപതിനായിരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കി അഭിമാനകരമായ പുരോഗതി കൈവരിച്ച ലൈഫ് മിഷനെ അപകീര്‍ത്തിപ്പെടുത്തുന്ന ശ്രമങ്ങളില്‍ നിന്നും പിന്തിരിയണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.

ഇ.ഡി നടത്തിവരുന്ന അന്വേഷണത്തെക്കുറിച്ചാണ്  പറയുന്നത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം ഒരു കേന്ദ്ര ഏജന്‍സി നടത്തുന്ന അന്വേഷണത്തെ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിൽ ചർച്ച ചെയ്യണമെന്നു പറയുന്നതിന്റെ ഔചിത്യം മനസ്സിലാകുന്നില്ല. കേസുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ ചോദ്യം ചെയ്യലിന് വിധേമാവുകയും അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജാമ്യാപേക്ഷ കോടതിയിലുമാണ്. മറ്റു ചിലരെ സാക്ഷിയായി വിളിച്ചിട്ടുണ്ട് എന്നും പറയുന്നുണ്ട്. 

കഴിഞ്ഞ രണ്ടുവര്‍ഷമായി സ്വര്‍ണ്ണക്കടത്തും വടക്കാഞ്ചേരി റെഡ്ക്രസന്റുമായി ബന്ധപ്പെട്ട ഇടപാടുകളും സി ബി ഐ,  ഇ ഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണ്. അവരുടെ അന്വേഷണ നടപടിക്രമങ്ങള്‍ക്ക് വലിയ മാധ്യമപ്രാധാന്യമാണ് ലഭിക്കുന്നത്. അത്തരം വാര്‍ത്തകള്‍ക്കു പിന്നാലെ സംസ്ഥാന സര്‍ക്കാരോ വിജിലന്‍സോ പോകുന്നില്ല. അതുകൊണ്ട് ഇവിടെ അന്വേഷണം നടക്കുന്നില്ല എന്നു കരുതരുത്. അന്വേഷണ പുരോഗതി മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ല വിലയിരുത്തേണ്ടത്. കേരളത്തില്‍ ലൈഫ് മിഷനെതിരെ ഇല്ലാത്ത നിയമലംഘനത്തിന്റെ പേരില്‍ സി ബി ഐ ക്കു മുന്നില്‍ പരാതിയുമായി ഓടിച്ചെല്ലുകയാണ് കോണ്‍ഗ്രസ് ചെയ്തത്. എന്നാല്‍, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനില്‍ സി.ബി.ഐക്കുള്ള പൊതുഅനുമതി റദ്ദാക്കിയ വിവരം നിങ്ങള്‍ അറിഞ്ഞിട്ടുണ്ടോ? കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് നേതാവായ ഡി.കെ. ശിവകുമാറിനെതിരെയും രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്കെതിരെയും സി ബി ഐ അന്വേഷണം നടത്തുമ്പോള്‍ അത് രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുകയാണെന്നുള്ള നിങ്ങളുടെ നിലപാട് വാളയാര്‍ ചുരത്തിനിപ്പുറം എന്തുകൊണ്ട് മാറുന്നു?

ഛത്തിസ്ഗഢ് മുഖ്യമന്ത്രിയുടെ ഓഫീസിലും കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്കെതിരെയും ഇഡി അന്വേഷണം നടത്തുന്നില്ലേ? പോലീസിന്റെ സമുന്നത നേതാക്കളായ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇ ഡി അന്വേഷണം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് തെരുവില്‍ പ്രതിഷേധിച്ചില്ലേ? ഇവിടെ ഇല്ലാത്ത ഇടപാടിന്റെ പേരില്‍ ഏതുവിധേനയും കേരളത്തിലെ ലൈഫ് മിഷനെയും കഴിയുമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തെയും ഏതെങ്കിലും അന്വേഷണത്തിലേക്ക് വലിച്ചിഴക്കാമെന്ന് കേന്ദ്ര എജന്‍സിയിലെ ചില ഉദ്യോഗസ്ഥരും സംഘപരിവാര്‍ ബന്ധമുള്ള മാധ്യമങ്ങളും നടത്തുന്ന സംയുക്ത പ്രചാരണത്തിന്റെ കുഴലൂത്തുകാരായി എന്തുകൊണ്ട് കോണ്‍ഗ്രസ് അധഃപതിക്കുന്നു.

 ഇക്കഴിഞ്ഞ ദിവസം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ അറസ്റ്റു ചെയ്യപ്പെട്ടു. ഇതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് ബി ജെ പി ഇതര കക്ഷികളെല്ലാവരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷെ, കേരളത്തില്‍ കേന്ദ്ര ഏജന്‍സികള്‍ സത്യസന്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കാരണം, ഇടതുപക്ഷ സര്‍ക്കാരിനെ ഏതുവിധേനയും അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിനു മുന്നില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിവേരു പിഴുതെടുക്കുന്ന സംഘപരിവാര്‍ അജണ്ട പോലും കേരളത്തിലെ കോണ്‍ഗ്രസിന് സ്വീകാര്യമായിരിക്കുന്നു. ഈ പാപ്പരായ രാഷ്ട്രീയം, ഈ ഇരട്ടത്താപ്പ്  ഈ നാട്ടിലെ ജനങ്ങള്‍ കാണുന്നുണ്ട് എന്ന കാര്യം നിങ്ങള്‍ വിസ്മരിക്കരുത്.

കോഴ ഇടപാടിനൊപ്പം ലൈഫ് മിഷന്‍ എന്നുകൂടി ചേര്‍ത്തുപറഞ്ഞുകൊണ്ട് തീയില്ലാതെ പുകയുണ്ടാക്കുന്ന പുതിയൊരു പരീക്ഷണത്തിന് ഇറങ്ങിയ നിങ്ങളോട് എന്തുപറയണമെന്ന് അറിയില്ല. ഈ പരീക്ഷണം 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതാണ്. ആ പഴയ ആരോപണം പൊടിതട്ടിയെടുത്ത് വീണ്ടും രംഗത്തുവന്ന നിങ്ങള്‍ക്ക് അതേ തിക്താനുഭവം വീണ്ടും ഉണ്ടാകുമെന്ന് ഓര്‍മ്മിപ്പിക്കുകയാണ്.