കോവിഡിന്റെ പുതിയ (XBB, XBB1) വകഭേദത്തിന് വ്യാപകശേഷി കൂടുതൽ: വീണാ ജോര്‍ജ്

0
38

കോവിഡിന്റെ പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കി. ഇതുവരെയുള്ള വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ വ്യാപനശേഷിയുള്ളതാണ് പുതിയത്. അതിനാല്‍ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തും.

രോഗം ബാധിക്കുന്നവരിൽ 1.8 ശതമാനം പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാമെന്ന് മന്ത്രി മുന്നറിയിപ്പു നൽകി. നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. എങ്കിലും ശ്രദ്ധ അനിവാര്യമാണ്. സ്വയം പ്രതിരോധത്തിനായി എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണം. പ്രായമായവരും അനുബന്ധ രോഗമുള്ളവരും മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണം. വിമാനത്താവളത്തിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് ധരിക്കേണ്ടതാണ്.

ആരോഗ്യ വകുപ്പിന്റെ മുന്‍കരുതലുകളും ക്രമീകരണങ്ങളും വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേർന്നു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ പൊതുവേ കുറഞ്ഞു വരികയാണെന്ന് യോഗം വിലയിരുത്തി. ‌കേസുകള്‍ നിലവില്‍ ആയിരത്തില്‍ താഴെയാണ്. കോവിഡ് ജനിതക വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ സ്ഥിരമായി സാംപിളുകള്‍ അയയ്ക്കുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ സാംപിളുകള്‍ ജനിതക വകഭേദത്തിനായി അയയ്ക്കും. ആശുപത്രി അഡ്മിഷന്‍, കിടക്കകള്‍, ഐസിയു ഉപയോഗം എന്നിവ നിരീക്ഷിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.