ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; പ്രചാരണം ശക്തമാക്കി ബിജെപി

0
32

ഭരണവിരുദ്ധ വികാരം മറികടന്ന് വിജയിക്കുക എന്ന അത്യന്തം ദുഷ്ക്കരമായ ദൗത്യമാണ് ഹിമാചൽ പ്രദേശിൽ ബിജെപിക്ക് ഉള്ളത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ശക്തമായ പ്രചാരണം സംഘടിപ്പിച്ച് ഈ സാഹചര്യത്തെ നേരിടാനുള്ള ശ്രമങ്ങൾക്ക് ബിജെപി ഇന്ന് തുടക്കമിടും. കോൺഗ്രസിനാകട്ടെ അനുകൂല സാഹചര്യത്തിലും സംഘടനാപരമായ പ്രശ്നങ്ങളാണ് പ്രതിസന്ധി.

ആം ആദ്മി പാർട്ടിയുടെ സാന്നിധ്യം ഉണ്ടെങ്കിലും ഹിമാചൽ പ്രദേശിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് നേർക്ക് നേർ പോര്. രണ്ട് പാർട്ടികളുടെയും ഹിമാലയൻ സ്വപ്നങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്ന ഘടകങ്ങൾ നിരവധി ആണ്. ഭരണ വിരുദ്ധ വികാരം സംസ്ഥാനത്തുണ്ടെന്നാണ് ബിജെപി തന്നെ വിലയിരുരുത്തുന്നത്.

ഇതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയെ തന്നെ പാർട്ടി നേരത്തെ കളത്തിലറിക്കി. ശക്തമായ പ്രചാരണം ആണ് ഇനി ഉള്ള ദിവസങ്ങളിലും ബിജെപിയുടെ ലക്ഷ്യം. പാർട്ടിയുടെ പ്രചരണ പരിപാടികൾക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തുടക്കമിടും. സിർമോറിലാണ് ആദ്യ റാലി.

ഞായറാഴ്ച ധർമശാലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനത്തെ പ്രചാരണ പരിപാടികൾക്ക് തുടക്കമാകും. സംസ്ഥാനത്ത് അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്ത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് പ്രചാരണം തുടങ്ങി. ക്ഷേത്ര ദർശനത്തിനു ശേഷം സോളൻ ജില്ലയില്‍ പരിവർത്തന്‍ പ്രതിജ്ഞാ മഹാറാലിയിലും പ്രിയങ്ക പങ്കെടുത്തു. പാർട്ടിയിലെ സംഘടനാ പരമമായ പ്രശ്നങ്ങൾ ഇപ്പോഴും തുടരുകയാണ്. സ്ഥാനാർത്ഥി നിർണ്ണയം അടക്കം കോൺഗ്രസിന് വലിയ വെല്ലുവിളിയാകും.