കെഎസ്ആര്‍ടിസി എന്റ്-ടു-എന്റ് സര്‍വീസ്; തിരുവന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് വെറും 4.30 മണിക്കൂർ മാത്രം

0
103

ദിര്‍ഘദൂര യാത്രക്കാര്‍ക്കായി പുത്തൻ പദ്ധതിയുമായി കെഎസ്ആര്‍ടിസി. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തുന്നതിനും തിരികെ വരുന്നതിനും ജനശതാബ്ദി മോഡലില്‍ പ്രത്യേക എന്റ്-ടു-എന്റ് സര്‍വീസാണ് കെഎസ്ആര്‍ടിസി പുതുതായി ഒരുക്കുന്നത് . അവധി ദിവസങ്ങള്‍ ഒഴികെ മറ്റെല്ലാ ദിവസവും സര്‍വീസ് നടത്തുന്ന എസി ലോ ഫ്‌ലോര്‍ ബസുകളാണ് ആരംഭിച്ചിരിക്കുന്നത്.

രാവിലെ 5.10 ന് തിരുവനന്തപുരത്ത് ആരംഭിച്ച് 9.40 ന് എറണാകുളത്ത് എത്തുകയും തിരികെ വൈകിട്ട് 5.20 ന് എറണാകുളത്ത് നിന്ന് തിരിച്ച് 9.50 എത്തുന്ന വിധമാണ് ഷെഡ്യൂള്‍ ക്രമീകരിച്ചിട്ടുള്ളത്. ഈ സര്‍വിസിനു വേണ്ടി പുഷ് ബാക്ക് സിറ്റുള്ള രണ്ട് ബസുകള്‍ അനുവദിച്ചിട്ടുണ്ട്. ഈ ബസുകള്‍ യാത്രക്കാരെ കയറ്റുന്നതിനായി കൊല്ലം അയത്തില്‍ ഫീഡര്‍ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്റ്റേഷനിലും 1 മിനിറ്റ് മാത്രം നിര്‍ത്തുന്നതാണ്. മറ്റൊരു സ്ഥലത്തും സ്റ്റോപ്പുണ്ടാവുകയില്ല.

ഓണ്‍ലൈന്‍ വഴി യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. യാത്രക്കാര്‍ക്ക് അര മണിക്കൂര്‍ മുന്‍പ് ടിക്കറ്റുകള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്നും, കൊല്ലം അയത്തില്‍, ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്റ്റേഷനില്‍ നിന്നും വാങ്ങാനുള്ള സൗകര്യം എര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ബസില്‍ കണ്ടക്ടര്‍ ഉണ്ടാവുകയില്ല എന്നതും പ്രത്യേകതയാണ്. കെഎസ്ആര്‍ടിസിയുടെ ചരിത്രത്തില്‍ ആദ്യമായാണ് കണ്ടക്ടര്‍ ഇല്ലാതെ സര്‍വീസ് നടത്തുന്നത്. വിജയകരമായാല്‍ കുടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് കെഎസ്ആര്‍ടിസിയുടെ പദ്ധതി.