താമസ സ്ഥലങ്ങളിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ ദുബായ് മുനിസിപ്പാലിറ്റി പരിശോധന ശക്തമാക്കി

0
48
A child playing in his Balcony in a high rise building in Al Mahattah area in Sharjah. Sharjah Muncipality will allow people to put up balcony blockage for safety of residents from now onÐ File photo for illustration propose (Story by Afkar)

താമസ സ്ഥലങ്ങളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ലക്ഷ്യമിട്ട് പരിശോധനകള്‍ ശക്തമാക്കിയതായി ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. കുടുംബങ്ങള്‍ക്ക് മാത്രം താമസിക്കാനായി നിജപ്പെടുത്തിയിരിക്കുന്ന മേഖലകളിലെ വീടുകളില്‍ ബാച്ചിലര്‍മാരും ഒന്നിലേറെ കുടുംബങ്ങളും താമസിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. താമസക്കാരുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്താനാണ് ഇത്തരം നടപടികളെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

ദിവസവും നടക്കുന്ന പരിശോധനകളില്‍ നിയമലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്. ഈ വര്‍ഷം ഇതുവരെ 19,837 ഫീല്‍ഡ് വിസിറ്റുകള്‍ ദുബൈ മുനിസിപ്പാലിറ്റി നടത്തിയിട്ടുണ്ട്. നിരന്തരമുള്ള പരിശോധനകളുടെ ഫലമായി ഇപ്പോള്‍ ആളുകള്‍ നിയമങ്ങള്‍ പാലിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടെന്നും മുനിസിപ്പാലിറ്റി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും നിയമലംഘനങ്ങള്‍ എവിടെയെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ 800900 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

ദുബൈയിലെ വില്ലകളിലും താമസത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങളിലും സുരക്ഷിതമായി താമസിക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. താമസ സ്ഥലങ്ങളില്‍ അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍പേര്‍ താമസിക്കുക, വീടുകളും വില്ലകളും വിഭജിക്കുക, നിയമവിരുദ്ധമായി വൈദ്യുതി കണക്ഷനില്‍ മാറ്റം വരുത്തുക തുടങ്ങിയവയെല്ലാം ഒഴിവാക്കണമെന്നും തീപിടുത്തം പോലുള്ള അപകടങ്ങള്‍ ഇത്തരം നിയമലംഘനങ്ങള്‍ കാരണമായി ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. അബുദാബിയില്‍ വീട്ടുടമയുടെ അനുമതിയില്ലാതെ ഒരു വില്ല നാലായി വിഭജിച്ച് നാല് കുടുംബങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കിയ വ്യക്തി 3,00,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് അടുത്തിടെ കോടതി വിധിച്ചിരുന്നു.

വില്ലകളും ഫ്ലാറ്റുകളും വിഭജിച്ച് വാടകയ്ക്ക് കൊടുക്കുന്നതിനെതിരെയും അധികൃതര്‍ നടപടി സ്വീകരിക്കുന്നുണ്ട്. ഇതിന് പുറമെ യുഎഇയില്‍ കുടുംബങ്ങള്‍ക്ക് താമസിക്കാനായി മാത്രം നിജപ്പെടുത്തിയിരിക്കുന്ന മേഖലകളില്‍ അപ്പാര്‍ട്ട്മെന്റുകളും വില്ലകളും ബാച്ചിലര്‍മാര്‍ക്ക് വാടകയ്ക്ക് നല്‍കുന്നതും താമസിക്കുന്നതും നിയമവിരുദ്ധമാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഷാര്‍ജയിലെ ഇത്തരം സ്ഥലങ്ങളില്‍ നിന്ന് നൂറു കണക്കിന് പ്രവാസി ബാച്ചിലര്‍മാരെ ഒഴിപ്പിച്ചിരുന്നു.